ന്യൂഡൽഹി: ജനവാസമേഖലകളിലുള്ള വന്യജീവി ആക്രമണങ്ങൾ തടയാൻ പദ്ധതികൾ ആവിഷ്‌കരിക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക ഉപദേശക സമിതികൾ രൂപവത്കരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്ററി സമിതി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആവശ്യം. കോൺഗ്രസ് എം.പി. ജയറാം രമേഷ് അധ്യക്ഷനായ സമിതിയുടെയാണ് ശുപാർശ. ഇതുൾപ്പെടെയുള്ള നിർദേശങ്ങളോടെ വന്യജീവിസംരക്ഷണ ഭേദഗതി ബില്ലിന് സമിതി തിങ്കളാഴ്ച അന്തിമരൂപം നൽകിയിരുന്നു.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടൽ നിരീക്ഷിക്കാനും പരിഹരിക്കാനുമായി സംസ്ഥാന സർക്കാരുകൾ ഹ്യൂമൺ-ആനിമൽ കോൺഫ്‌ലിക്റ്റ് മാനേജ്മെന്റ് അഡൈ്വസറി കമ്മിറ്റിയുണ്ടാക്കണം. മുഖ്യവനപാലക (ചീഫ് വൈൽഡ് ലൈഫ് വാർഡൻ)നായിരിക്കണം സമിതിയുടെ അധ്യക്ഷൻ. ഐ.ജി. റാങ്കിൽ കുറയാത്ത ഉന്നത പോലീസുദ്യോഗസ്ഥനെ ഉപാധ്യക്ഷനായും നിയമിക്കണം. വന്യജീവിസംരക്ഷകൻ, വന്യജീവി വിദഗ്ധൻ, ഈ മേഖലയിൽ പരിചയ സമ്പത്തുള്ള സന്നദ്ധ സംഘടനാ പ്രതിനിധി, സാമൂഹികശാസ്ത്രജ്ഞൻ തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായി ഉള്ളത്.
വന്യജീവി ആക്രമണമുള്ള മേഖലകളിൽ അതു കൈകാര്യം ചെയ്യാൻ പരിശീലനം നേടിയവരെ നിയോഗിക്കൽ, ഉപകരണങ്ങൾ ലഭ്യമാക്കൽ, പ്രശ്‌നബാധിതരായവർക്ക് മതിയായ നഷ്ടപരിഹാരത്തിനായി സഹായധനം ഉറപ്പാക്കൽ എന്നിവ സമിതിയുടെ ഉത്തരവാദിത്വമായിരിക്കും. വന്യജീവികൾ മനുഷ്യരെ ആക്രമിക്കുന്നതു തടയാൻ അവയുടെ സുഗമസഞ്ചാരത്തിനായി ദീർഘകാലാടിസ്ഥാനത്തിൽ വന്യജീവി ഇടനാഴിയുണ്ടാക്കണമെന്നും ശുപാർശയിലുണ്ട്.
Post Your Comments