പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ അറിയിച്ചു. സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന സമിതി അംഗം അമീർ അലി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.
എന്നാൽ, സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയില്ല. കോടതിയില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ നിലപാട് മാറാതെ ബിജെപിയുടെ സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ആണ് യോഗം നടന്നത്. അതേസമയം, പാലക്കാട്ടെ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിലായി ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്നവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര്‍ എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്. സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായ വാര്‍ത്തകള്‍ പുറത്ത് വന്നത്.
Post Your Comments