തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ഇടത്താവളങ്ങളിൽ മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതായി നിർമിക്കുന്ന ഇടത്താവളങ്ങൾ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമെത്തുന്ന തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമായി മാറും. മനുഷ്യന് നന്മ ചെയ്യാൻ കഴിയുന്നതാവണം മതം. ദേവാലയങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് എല്ലാ ജനങ്ങൾക്കും വേണ്ടിയാണ്. കേവലം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായി മാത്രം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മാറരുത്. ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകളുണ്ടായാൽ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയിൽ മാറ്റുവാൻ കഴിയും. ഏറ്റവും വൃത്തിയുള്ള കേന്ദ്രമാക്കി ശബരിമലയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
54.35 കോടി രൂപ ചിലവിൽ 8855 സ്‌ക്വയർ മീറ്ററിൽ ഇരുനിലകളിലായി ഏഴു കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അയ്യപ്പൻമാർക്കുള്ള വിശ്രമകേന്ദ്രം, ശുചിമുറികൾ, ലിഫ്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും സജ്ജീകരിക്കും. അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ(ജനറൽ) ജി. കൃഷ്ണകുമാർ, ചീഫ് എൻജിനിയർ ആർ. അജിത്ത് കുമാർ, നിലയ്ക്കൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments