തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകൾ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്‌സ് ഡബിൾ ഡക്കർ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡൽഹി പോലെ ഇന്ത്യൻ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സർവീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സർവ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.
വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിൾ ഡക്കർ ഓപ്പൺ ബസ് കേരളത്തിൽ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ് നടത്തുന്നത്.
നിലവിൽ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിർമാണം നടത്തുന്നത്. പഴയ ബസുകളാണ് രൂപാന്തരം വരുത്തുന്നത്. മഴയിൽ നനഞ്ഞാൽ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസിൽ സ്ഥാപിക്കുന്നത്. ആവശ്യമെങ്കിൽ മഴക്കാലത്തും സർവീസ് നടത്താൻ സുതാര്യമായ മേൽക്കൂര സ്ഥാപിക്കും.
നിലവിൽ വൈകുന്നേരം അഞ്ച് മണി മുതൽ 10 മണിവരെ നീണ്ട് നിൽക്കുന്ന നൈറ്റ് സിറ്റി റൈഡ്, രാവിലെ ഒൻപത് മുതൽ നാല് മണിവരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവ്വീസിലും 250 രൂപയാണ് യാത്രാനിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്‌ക്ക് 200 രൂപയ്‌ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്‌സ്, സ്‌നാക്‌സ് എന്നിവയും ബസിൽ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യക്കാരുണ്ടെങ്കിൽ രാത്രി 12ന് ശേഷവും സർവ്വീസുകൾ ആലോചിക്കും. വെക്കേഷൻ കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക ടൂർ പാക്കേജും പരിഗണനയിലുണ്ട്.
Post Your Comments