KeralaLatest NewsIndia

ഡേറ്റിങ് ആപ്പിലൂടെ പരിചയം: നൈജീരിയക്കാരൻ ആലപ്പുഴക്കാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, പ്രതിയെ പിടികൂടിയത് ഓട്ടത്തിനിടെ

ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിക്കുകയും ഉച്ചവെയിലിൽ ചൂടുമൂലം കാൽ റോഡിൽ കുത്താനാകാതെ വരികയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ആലപ്പുഴ: യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽനിന്നു 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിലായത് പോലീസിന്റെ നാടകീയമായ ഇടപെടലിൽ. സിനിമാ സ്റ്റൈലിലാണ് യുവാവിനെ ചെയ്‌സ് ചെയ്ത് പോലീസ് പിടികൂടിയത്. നൈജീരിയൻ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്നയെ (36) ആണ് പ്രത്യേക അന്വേഷണ സംഘം ഡൽഹി ഗ്രേറ്റർ നോയിഡയിൽ നിന്നും പിടികൂടിയത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മുൻ പ്രവാസിയായ വനിതയ്ക്കു വിവാഹവാഗ്ദാനം നൽകിയശേഷം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുത്തു. വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതു നൽകാൻ ഇവർ നഗരത്തിലെ ബാങ്കിൽ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് മാനേജർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതോടെ, തട്ടിപ്പ് മനസിലാക്കിയ പോലീസ് പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പൊലീസ് ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിനു സമീപമെത്തിയെങ്കിലും ഇയാൾ കാറിൽ കടന്നു. നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഇതിനിടെ, പ്രതി സഹായിയുടെ ഫോണിൽ വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നിൽ എത്താൻ ആവശ്യപ്പെട്ടു. ഇതു പൊലീസിന് സഹായമായി.

ഇവിടെയെത്തിയപ്പോൾ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. വിടാതെ പോലീസും പിന്തുടർന്നു. ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിക്കുകയും ഉച്ചവെയിലിൽ ചൂടുമൂലം കാൽ റോഡിൽ കുത്താനാകാതെ വരികയും പ്രതിയെ പിടികൂടുകയുമായിരുന്നു.

അന്വേഷണത്തിൽ ഇയാൾ നിരവധി ഇന്ത്യക്കാരെ ഇത്തരത്തിൽ പറ്റിച്ചതായി കണ്ടെത്തി. ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായി ഫ്ലാറ്റിൽ താമസിക്കുകയാണ് ഇയാളെന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോൾത്തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button