ചെന്നൈ: കേരളത്തിലെ സുകുമാരകുറുപ്പിനെ അനുകരിക്കാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലാണ് സംഭവം. ഏപ്രില്‍ 14ന് രാത്രിയാണ് സതീഷ് കുമാര്‍ കാര്‍ തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മറ്റാരോ വാഹനം കത്തിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ചെന്നൈ മധുരവോയലിൽ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് കത്തിനശിച്ചത്. തീയുയര്‍ന്നതിന് പിന്നാലെ സമീപവാസികളും സതീഷിന്റെ ബന്ധുക്കളും ഓടിയെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന സംശയം തോന്നിയതിനു പിന്നാലെ, പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നത്.
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ സൈക്കിളില്‍ കാറിന് അരികിലേക്ക് വരുന്നതും കാറിന്റെ വിന്‍ഡോകളിലൂടെ അകത്തേക്ക് നോക്കുന്നതും കാണാം. പിന്നാലെ, ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാള്‍ കാറിനടുത്ത് എത്തി കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങള്‍ക്കകം തീപടര്‍ന്നു പിടിക്കുകയും ചെയ്യുന്നു.സതീഷ് കുമാറിനോട് സാദൃശ്യമുള്ള ആളാണ് ഇതെല്ലാം ചെയ്യുന്നതെന്നു സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, സതീഷ് കുറ്റം സമ്മതിച്ചു.
സ്വര്‍ണം വാങ്ങി നല്‍കണമെന്ന് ഭാര്യയ്ക്ക് നിര്‍ബന്ധം. എന്നാൽ, ആവശ്യമായ പണം കയ്യില്‍ ഇല്ലാത്തതിനാല്‍ കാറിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും സതീഷ് പറയുന്നു. കാറ് വില്‍ക്കാനും ഭാര്യ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് കാറ് കത്തിച്ച് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ പദ്ധതിയിട്ടതെന്നും പോലീസിനോട് സതീഷ് വെളിപ്പെടുത്തി.
Post Your Comments