മുംബൈ: മസ്ജിദുകളിൽ ഉച്ചഭാഷിണിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനായി പോലീസിന്‍റെ വ്യാപക തെരച്ചിൽ. മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്താൽ ആരെയും വെറുതെ വിടില്ലെന്ന് തുറന്നടിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുംബ്ര പ്രസിഡന്റ് അബ്ദുൾ മതീൻ ഷെഖാനി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണെന്നും മുംബ്ര പോലീസ് അറിയിച്ചു.
‘ചിലർക്ക് ചില പ്രശ്‌നങ്ങളുണ്ട്, ചിലർക്ക് ഞങ്ങളുടെ പള്ളികളിലും മദ്രസകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ട്. അവർക്ക് ഒരു സന്ദേശം മാത്രമേ നൽകാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ – ഞങ്ങൾക്ക് സമാധാനം വേണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒരു മുദ്രാവാക്യമുണ്ട് – ഞങ്ങളെ തൊടരുത്, തൊട്ടാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല. നിങ്ങൾ ഒരു മദ്രസയിലോ ഉച്ചഭാഷിണിയിലോ തൊട്ടാൽ നേരിടാൻ അവിടെ പിഎഫ്‌ഐ ഉണ്ടാകും,’ ഇയാൾ പറഞ്ഞു.
ഷെഖാനിയെ കണ്ടെത്തുന്നതിനായി രണ്ട് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷെയ്‌ഖാനിക്കെതിരെ ഐപിസി സെക്ഷൻ 188, മഹാരാഷ്ട്ര പോലീസ് ആക്‌ട് സെക്ഷൻ 37(3), 135 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾ ഈ പ്രസംഗം നടത്തിയതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് എംഎൻഎസ് മേധാവി രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഷെഖാനിയുടെ വിവാദ പ്രസംഗം.
Post Your Comments