Latest NewsKeralaIndia

ജെസ്‌നയുള്ളത് സിറിയയിലോ? 2 കുഞ്ഞുങ്ങളുടെ മാതാവായെന്ന് പ്രചാരണം, അന്വേഷണം അവസാന ഘട്ടത്തിലേക്ക്

ബസില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നോയെന്നു സിബിഐ പരിശോധിച്ചിരുന്നു. അന്ന് ബസില്‍ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു.

കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നിര്‍ണ്ണായക  വിവരങ്ങള്‍. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. വിമാന ടിക്കറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ഇതുസംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

സംഭവം തീവ്രവാദപ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക രാജ്യത്ത് ജെസ്‌നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇക്കാര്യമൊന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന.

വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്‍നിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ ജെസ്ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്നു സ്വകാര്യ ബസില്‍ കയറി. ബസില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നോയെന്നു സിബിഐ പരിശോധിച്ചിരുന്നു. അന്ന് ബസില്‍ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. തുര്‍ക്കി, സിറിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നില്‍ ജെസ്‌നയുണ്ടെന്നാണ് സൂചന. ഇതില്‍ സിറിയയിലാണ് കൂടുതല്‍ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.

അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്നയുടെ തിരോധാനം മാറിയിരുന്നു. ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചും പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചും ഒടുവിൽ സിബിഐയിലും ജെസ്ന കേസിന്റെ അന്വേഷണം എത്തി നിൽക്കുന്നു. ഇത്രയും ദുരൂഹതയും വെല്ലുവിളിയും നിറഞ്ഞ ഒരു കേസ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ അടുത്ത കാലത്തെങ്ങും എത്തിച്ചേർന്നിട്ടില്ല. ബെംഗളൂരു, പൂണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

എരുമേലി വരെ ജെസ്ന പോയതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്ന എവിടെ പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചനകളാണ് സിബിഐ നല്‍കിയത്. 2018 മാര്‍ച്ച്‌ 22 ന് രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌ന എരുമേലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

എരുമേലി ബസ് സ്റ്റാന്‍ഡില്‍ മിന്നലില്‍ തകര്‍ന്ന സി സി ടി വി യില്‍ നിന്ന് റിക്കവര്‍ ചെയ്‌തെടുത്ത ദൃശ്യങ്ങളാണ് അത്. ഭാരമേറിയ ഷോള്‍ഡര്‍ ബാഗും തൂക്കി ജെസ്‌നയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി നടക്കുന്നതും തൊട്ടുപിന്നാലെ, രണ്ടു യുവാക്കള്‍ ഫോളോ ചെയ്യുന്നതുമാണ് ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത് . നിലവിൽ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്നയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button