Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ അൻസാറിനെ പിടികൂടി: ഡൽഹി കലാപത്തിലും പങ്ക്

അക്രമികളുടെ ഭാഗത്ത് നിന്നും എട്ട് മുതൽ പത്ത് റൗണ്ട് വരെ വെടിവെപ്പുണ്ടായി

ഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍ പോലീസ് പിടിയിലായി. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ അന്‍സാര്‍ അടക്കം 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആയുധശേഖരവും പിടികൂടി. അന്വേഷണത്തിന് ഡൽഹി പോലീസിന്റെ പത്തംഗ സംഘത്തെ ഏർപ്പെടുത്തി. സംഘർഷത്തിൽ എട്ടു പോലീസുകാർക്ക് പരിക്കേറ്റു.

ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ഘോഷയാത്രയാണ് പ്രദേശത്ത് നടന്നത്. മൂന്നാമത്തെ ഘോഷയാത്രയ്‌ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് വെടിയേറ്റ സബ് ഇൻസ്‌പെക്ടർ മീണ പറയുന്നു. മൂന്നാമത്തെ ഘോഷയാത്രയും ഏകദേശം പൂർത്തിയാകാറായിരുന്നു. ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു. ശോഭായാത്രയിലുള്ളവർ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് സമാധാനപരമായാണ് നീങ്ങിയത്.

എന്നാൽ, മസ്ജിദിന് മുന്നിലെത്തിയപ്പോൾ ചുറ്റുമുള്ള കെട്ടിടത്തിൽ നിന്നും ആളുകൾ കല്ലെറിയാൻ തുടങ്ങിയെന്ന് മീണ പറയുന്നു. സ്ഥിതിഗതികൾ വളരെ വേഗം നിയന്ത്രിക്കാൻ പോലീസിനായി. കല്ലും ഗ്ലാസ് ബോട്ടിലും ഉൾപ്പെടെയാണ് അക്രമികൾ വലിച്ചെറിഞ്ഞത്. അവരുടെ കയ്യിൽ വടിവാളുകളും കത്തികളും തോക്കുകളുമുണ്ടായിരുന്നുവെന്നും മീണ പറയുന്നു. അക്രമികളുടെ ഭാഗത്ത് നിന്നും എട്ട് മുതൽ പത്ത് റൗണ്ട് വരെ വെടിവെപ്പുണ്ടായി. അതിലൊന്നാണ് തന്റെ കൈയ്യിൽ കൊണ്ടതെന്നും മീണ ഓർത്തെടുത്തു.

സഹപ്രവർത്തകരിൽ നിരവധി പേർക്ക് കത്തികൊണ്ട് പരിക്കേറ്റതായും മീണ പറയുന്നു. അക്രമികൾ ബംഗ്ലാദേശി ഭാഷയിലാണ് സംസാരിച്ചതെന്നും മീണ വെളിപ്പെടുത്തി. ബംഗ്ലാദേശി ഭാഷയിൽ അവർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. നേരത്തെ കല്ലുകൾ ശേഖരിച്ചുവെച്ചിട്ടുണ്ടാകുമെന്നും അല്ലാതെ എന്ത് ആവശ്യത്തിനാണ് മേൽക്കൂരയിൽ കല്ലുകൾ കൂട്ടിയിടുന്നതെന്നും മീണ ചോദിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button