ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിന്റെ മറവില്‍ കലാപങ്ങള്‍ അരങ്ങേറുന്നത് നിയന്ത്രിക്കുന്നതിനായി സൈന്യത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആണ് തീരുമാനിച്ചത് . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടക്കമുളളവര്‍ പങ്കെടുത്തു.
അക്രമങ്ങള്‍ രക്തരൂക്ഷിതമായതിനെ തുടര്‍ന്നാണ് ക്രമസമാധാന പാലനത്തിനായി കേന്ദ്ര സേന ഇറങ്ങിയത്.35 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് പ്രശ്‌നങ്ങള്‍ ശാന്തമാക്കാനായി നിയോഗിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനായി സംസ്ഥാന പോലീസ് ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായി അതിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സേനയെ ഇറക്കാനായി തീരുമാനിച്ചത്. നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വ്യാജ വാര്‍ത്തകൾക്കെതിരെ ഡല്‍ഹി പോലീസ്
അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്തായി. അഞ്ച് പേരാണു ചൊവ്വാഴ്ച മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ഇന്ന് വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പുതിയതായി സംഘര്ഷമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം കലാപം ആളിക്കത്തിക്കാനായി മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടാകുന്നതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും സിസോദിയ പറഞ്ഞു. പലവഴികളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഒരു സംഭവം നിങ്ങളുടെ കണ്ണുകൊണ്ട് കാണാത്തപക്ഷം അത് വിശ്വസിക്കുകയോ വാട്സപ്പിലൂടെ മെസേജ് ചെയ്യുകയോ അരുതെന്നും സിസോദിയ അഭ്യര്‍ഥിച്ചു.
Post Your Comments