കേരളത്തിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ നടന്നത് രണ്ടു കൊലപാതകങ്ങൾ. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്ന ആരോപണങ്ങൾ ശക്തമാണ്. എന്താണ് ഈ കൊലപാതകങ്ങളുടെ രാഷ്ട്രീയം. സോഷ്യൽ മീഡിയയിൽ ബഷീർ വള്ളിക്കുന്ന് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. എല്ലാത്തിനും പോലീസിനെ നമുക്ക് പഴി ചാരി എത്രനാൾ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് കുറിപ്പിൽ ചോദിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് അരുംകൊലകൾ. രണ്ട്‍ തീവ്രവാദ പ്രസ്ഥാനങ്ങൾ പരസ്പരം കൊന്ന് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ രക്തമയമാക്കുകയാണ്.
ഇതിനൊരു അവസാനമില്ലേ?
read also: ജിഹാദി സംഘടനയുമായി ബന്ധമുള്ള ആറ് പേര്‍ അറസ്റ്റില്‍
എല്ലാത്തിനും പോലീസിനെ നമുക്ക് പഴി ചാരാം. പക്ഷേ ആസൂത്രിതമായി ഇങ്ങനെ വെട്ടാനും കൊല്ലാനും കൃത്യമായ പരിശീലനം നേടിയ ഭീകരരുടെ ഒരു കൂട്ടം നാൾക്കുനാൾ നമുക്കിടയിൽ ശക്തി പ്രാപിച്ചു വരുന്ന സാമൂഹ്യാവസ്ഥയെ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ?
ജുമുഅ നമസ്കാരം കഴിഞ്ഞു വരുന്ന യുവാവിനെ പിതാവിന്റെ മുന്നിൽ വെച് വെട്ടിക്കൊന്ന വാർത്തക്ക് താഴെ സ്മൈലിയിട്ട് പൊട്ടിച്ചിരിക്കുന്നവർ, ആ കൊലക്ക് പിന്നാലെ മറ്റൊരു അരുംകൊലയുടെ വാർത്ത വന്നപ്പോൾ അവിടെ പൊട്ടിച്ചിരിക്കുന്ന വേറൊരു കൂട്ടർ.
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണങ്ങളുടെ ഫലമായി നമ്മുടെ സമൂഹം അപകടകരമാം വിധം മനുഷ്യവിരുദ്ധരായി മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? മതം മാത്രം പ്രധാനമാവുകയും മനുഷ്യൻ അപ്രധാനമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യ പരിസരത്തെ കൃത്യമായി തിരിച്ചറിയുകയും അതിനെ അഡ്രസ്സ് ചെയ്യാനുള്ള പ്രായോഗിക വഴികൾ ആലോചിക്കുകയും ചെയ്യാതെ എല്ലാ പഴികളും പോലീസിനെ ഏല്പിച്ച് നമുക്ക് എത്ര കാലം മുന്നോട്ട് പോകാൻ സാധിക്കും?.
പോലീസ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നത് ശരി തന്നെ, പക്ഷേ അതുകൊണ്ട് മാത്രം ഈ രക്തമൊഴുക്കലുകൾ ഇല്ലാതാക്കാമെന്ന് കരുതാൻ പറ്റുമോ?
മനുഷ്യരേ, നമുക്ക് മനുഷ്യരായി തന്നെ ഇനിയും ജീവിച്ചു കൂടേ? കൂടുതൽ നല്ല മനുഷ്യരാകാനല്ലേ മതം നമ്മെ പ്രേരിപ്പിക്കേണ്ടത്? ഇങ്ങനെ വെട്ടിയും കൊന്നും തുണ്ടം തുണ്ടമാക്കിയും നാം ഏത് മതങ്ങളെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്?. ഇതൊന്നും ചോദിച്ചിട്ട് ഒരു കാര്യവുമില്ല എന്നറിയാം, എന്നാലും ചോദിച്ച് പോവുകയാണ്.
Post Your Comments