KeralaLatest News

വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി കെഎസ്ആർടിസി ജീവനക്കാർ: വിവിധയിടങ്ങളിൽ നിരാഹാരവും പട്ടിണിക്കഞ്ഞിയും

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഉത്സവ ദിനത്തിൽ പോലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്ത സാഹചര്യം ഉണ്ടാകുന്നത്.

എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ 15 വിഷു ആയിട്ടും മാർച്ച്‌ മാസത്തെ ശമ്പളം നൽകാത്ത പിണറായി വിജയൻ സർക്കാരിനെതിരെ, വിവിധ ഡിപ്പോകളിൽ പ്രതിഷേധം. കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ മണ്ണ് സദ്യ വിളമ്പിയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചത്. വൈക്കം ഡിപ്പോയിലും പ്രതിഷേധം ശക്തമായി. ചിലയിടത്ത്, വിഷുദിനത്തിൽ കെഎസ്ആർടിസി ജീവനക്കാർ നിരാഹാര സമരം നടത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൂടാതെ, വിവിധ ഡിപ്പോകളിലും പട്ടിണിക്കഞ്ഞി വെച്ചും ജീവനക്കാർ പ്രതിഷേധിച്ചു.

അതേസമയം, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഉത്സവ ദിനത്തിൽ പോലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്ത സാഹചര്യം ഉണ്ടാകുന്നത്. 1957ന് ശേഷം, ഇടത് സർക്കാരുകൾ അധികാരത്തിൽ ഇരുന്നിട്ടുള്ള എല്ലാ കാലത്തും ഉത്സവ വേളകളിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങാതെ സർക്കാർ ശ്രദ്ധിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അതിനും ഇപ്പോൾ അപവാദമാകുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും കയ്യിൽ കിട്ടാത്തതിനാൽ, വീട്ടിലെ കുരുന്നുകൾക്ക് കൈനീട്ടം കൊടുക്കാൻ പോലും കയ്യിലൊരു നയാപൈസയില്ലാതെ നട്ടംതിരിയുകയാണ് കെഎസ്ആർടിസിയിലെ 26,000ത്തോളം ജീവനക്കാർ.

വകുപ്പ് മന്ത്രിയും കോർപ്പറേഷൻ സിഎംഡിയും ഭരണക്കാരും അവരുടെ പാർട്ടിക്കാരും സ്വർണത്തളികയിൽ വെച്ച പൊൻകണി കാണുമ്പോൾ കെഎസ്ആർടിസി തൊഴിലാളികളുടെ കണ്ണുനീരാകും അവരുടെ വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമുള്ള ഇക്കൊല്ലത്തെ വിഷുക്കണി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി 30 കോടി രൂപ അനുവദിച്ചെന്ന് സംസ്ഥാന സർക്കാർ പറയുമ്പോഴും ആ പണം ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ, നാളെയും ഇവർക്ക് മാർച്ച് മാസത്തെ ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. വീട്ടിലെ നിത്യച്ചിലവിന് മുതൽ ലോണും കറണ്ട് ചാർജ്ജും ചികിത്സാ ചിലവുകളും ഉൾപ്പെടെ എല്ലാം മുടങ്ങിയ അവസ്ഥയിലാണ്. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് ഉറപ്പു പറഞ്ഞ ​ഗതാ​ഗത വകുപ്പ് മന്ത്രി ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button