ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തമായ രാജ്യമായി ഉയർന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് ചൈനയ്ക്ക് നൽകിയ കർശനമായ മുന്നറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ലഡാക്കിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിട്ടുള്ള ഇന്ത്യൻ സൈനികരുമായി, സംഘർഷം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ ആവർത്തിച്ചുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ന് നമുക്ക് പുതിയതും ആത്മവിശ്വാസമുള്ളതുമായ ഒരു ഭാരതമുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈൻ അധിനിവേശത്തിനിടയിൽ, റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകളിൽ വിമർശനമുന്നയിച്ച അമേരിക്കയ്ക്കും രാജ്‌നാഥ് സിംഗ് താക്കീത് നൽകി. ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം, മറ്റൊരു രാജ്യത്തിന്റെയും ചെലവിൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം, ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്നും സർക്കാർ എന്ത് തീരുമാനങ്ങളാണ് എടുത്തതെന്നും എനിക്ക് തുറന്ന് പറയാൻ കഴിയില്ല. ഇന്ത്യയെ ദ്രോഹിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന സന്ദേശം ചൈനയ്ക്ക് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധമുണ്ടെങ്കിൽ, മറ്റേതെങ്കിലും രാജ്യവുമായുള്ള ബന്ധം വഷളാകുമെന്ന് അർത്ഥമാക്കുന്നില്ല. ഇന്ത്യ ഒരിക്കലും ഇത്തരത്തിലുള്ള നയതന്ത്രം സ്വീകരിച്ചിട്ടില്ല. അന്താരാഷ്ട്ര ബന്ധങ്ങളിലെ സീറോ സം ഗെയിമിൽ വിശ്വസിക്കരുത്. ഇരു രാജ്യങ്ങളുടെയും വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്,’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments