ബെംഗളൂരു: സർക്കാർ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ, 25.50 ലക്ഷം രൂപയും സ്വർണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദാണ്, ബെംഗളൂരു വിധാന സൗധ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നടന്ന കരഗ മഹോത്സവത്തിന്റെ ഓഡിറ്റിങ് നടത്തിയപ്പോണ് ക്രമക്കേട് പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു അര്‍ബന്‍ ജില്ലാ തഹസില്‍ദാര്‍ എസ്ആര്‍ അരവിന്ദ് ബാബു നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി. വെങ്കാരടമണ അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ, വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് 25.50 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. പണം ചെലവായതായി രേഖകളില്‍ കാണിച്ച ശേഷം, ഇയാൾ തുക മുഴുവന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറയുന്നു.
ഓഡിറ്റിങ്ങില്‍ തട്ടിപ്പ് പുറത്തായതോടെ, 25.50 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സർക്കാർ വെങ്കാരടമണയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു ധര്‍മ്മരായസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ വർഷം നടന്ന കരഗ ഉത്സവത്തിന് 15.97 ലക്ഷം രൂപ ചെലവഴിച്ചതായി വെങ്കാരടമണ മൊഴി നല്‍കി.
എന്നാൽ, തുക ചെലവാക്കിയതിന്റെ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇയാൾ 10 ഗ്രാം സ്വര്‍ണനാണയവും ക്ഷേത്രങ്ങളിലെ ഒടിഞ്ഞ സ്വര്‍ണക്കഷ്ണങ്ങളും തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments