ന്യൂഡൽഹി: കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിൻറെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മിശ്രവിവാഹങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ലൗ ജിഹാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷെജിൻ – ജ്യോത്സ്ന വിവാഹത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന സി.പി.എം നേതാവ് ജോർജ് എം. തോമസിന്റെ പരാമർശത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
ഭിന്നവിശ്വാസങ്ങളിലും മതങ്ങളിലും പെട്ടവർ മിശ്രവിവാഹം നടത്തുന്നതിന് നിരോധനമുള്ള രാജ്യമല്ല ഇന്ത്യയെന്നും എന്താണ് ലവ് ജിഹാദ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ഒരു വ്യക്തിക്ക് ജാതിക്കും മതത്തിനും അതീതമായി, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്. ആ അധികാരത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. മിശ്ര വിവാഹങ്ങൾ ഇല്ലാതാക്കാനാണ് ലവ് ജിഹാദ് പ്രചാരണം. ജോർജ് എം. തോമസിൻറെ പരാമർശം സംസ്ഥാന ഘടകം പരിശോധിക്കും’, യെച്ചൂരി വ്യക്തമാക്കി.
അതേസമയം, വിവാദങ്ങളവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് കോടഞ്ചരിയിലെ മിശ്രവിവാഹ വിവാദത്തിൽപ്പെട്ട ഷെജിനും ജ്യോത്സ്നയും വ്യക്തമാക്കി. കോഴിക്കോട് കോടഞ്ചേരി സ്വദേശി എം.എസ്. ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജ്യോത്സ്ന മേരി ജോസഫുമാണ് വിവാദങ്ങളവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഷെജിൻ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്.
Post Your Comments