മുംബൈ: പലചരക്ക് മുതല്‍ ഫ്‌ളൈറ്റ് ബുക്കിങ് വരെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒരുക്കി ഓൺലൈൻ രംഗം പിടിച്ചടക്കാനുള്ള കുതിപ്പിലാണ് ടാറ്റ ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ ആപ്പ് ‘ടാറ്റ ന്യൂ’. പലചരക്കുകൾ മുതൽ ഐ.പി.എല്ലും വിമാന യാത്രയും വരെ, അടിമുടി വൻ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ.
ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കു തത്സമയം പലചരക്ക്, ഇലക്‌ട്രോണിക്‌സ്, ഫ്‌ളൈറ്റ് ബുക്കിങ്, ഭക്ഷണ വിതരണം, നിക്ഷേപം, ഹോട്ടല്‍ ബുക്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ടാറ്റ ആപ് വഴി വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടാറ്റ ഡിജിറ്റല്‍, ഇന്ത്യയിലെ 55 ബില്യണ്‍ ഡോളറിന്റെ ഇ- കൊമേഴ്സില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. എല്ലാ ഉപയോക്താക്കള്‍ക്കും വന്‍കിട ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ പേയ്മെന്റ് ഓഫറായ ടാറ്റ പേ വഴി ബ്രോഡ്ബാന്‍ഡ്, വൈദ്യുതി, പൈപ്പ്, ഗ്യാസ്, ലാന്‍ഡ്ലൈന്‍, മൊബൈല്‍ റീചാര്‍ജുകള്‍, ഡി.ടി.എച്ച്. സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ക്കുള്ള യൂട്ടിലിറ്റി പേയ്മെന്റുകളും ഇത് വഴി നടത്താം. കാര്‍ഡ് സേവനങ്ങള്‍ (ഡെബിറ്റും ക്രെഡിറ്റും), നെറ്റ് ബാങ്കിങ്, യു.പി.ഐ സേവനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനു പുറമേ, ആപ്പില്‍ പേയ്മെന്റ് ഓപ്ഷനായി ചേര്‍ത്ത ടാറ്റയുടെ യു.പി.ഐ. സേവനവും ഉപയോഗപ്പെടുത്താം.
Post Your Comments