ദുബായ്: വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. റമദാനോട് അനുബന്ധിച്ച് ആശംസ അറിയിക്കാനെത്തിയ പ്രമുഖരെയും വിദേശ നിക്ഷേപകരെയുമാണ് അദ്ദേഹം മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്തത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിന്നും ചിത്രങ്ങൾ ശെഖ് ഹംദാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് ശൈഖ് മുഹമ്മദ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പരമ്പരാഗത-ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയത്തിന്റെ ഉയരം 77 മീറ്ററാണ്. എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപം 30,000 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിൽ ഒന്നാണ് ഇതെന്നാണ് നാഷനൽ ജ്യോഗ്രഫിക് മാഗസിൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗവേഷണത്തിനുള്ള നൂതന ലാബുകൾ, ക്ലാസ് മുറികൾ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവു പകരുന്ന മേഖലകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ബഹിരാകാശം, കാലാവസ്ഥാ മാറ്റം, ആരോഗ്യം, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഇവിടെ നിന്നും ലഭ്യമാകും. മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്കിൽ 80 ഇനം അപൂർവ സസ്യങ്ങളാണുള്ളത്. സ്മാർട് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.
Read Also: ഗ്യാസ് ഗോഡൗണിൽ നിന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Post Your Comments