കൊല്ലം: ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ കണ്ടവർ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. പെറ്റമ്മ എന്ന പരിഗണന നൽകാതെ, വൃദ്ധയെന്നു പോലും നോക്കാതെയാണ് മകൻ ഇവരെ മിനിറ്റുകളോളം മർദ്ദിച്ചത്. ക്രൂരതയ്ക്കിടയിൽ വൃദ്ധയുടെ ഉടുവസ്ത്രം പോലും അഴിഞ്ഞു പോയിരുന്നു. പെറ്റമ്മയെ നഗ്നമായ നിലയിലും എടുത്തു നിലത്തടിക്കുകയായിരുന്നു മദ്യലഹരിയിൽ മകൻ.
കേരളത്തിൽ മദ്യം സുലഭമായി കിട്ടാൻ തുടങ്ങിയതോടെ, അക്രമങ്ങളും കൊലപാതകങ്ങളും ദൈനംദിന വാർത്തകളായിക്കഴിഞ്ഞു. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ചവറയില്‍ 84 കാരിയായ ഓമനയെ മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം. തടസ്സം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാതാവിനു കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്റെ മർദ്ദനം.
അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. സാരമായി പരുക്കേറ്റ ഓമന ആശുപത്രിയില്‍ ചികിത്സ തേടി. ഓമനക്കുട്ടന്‍ നേരത്തെയും മദ്യപിച്ചെത്തി ഓമനയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്നാൽ, ഇതിന്റെ കടകവിരുദ്ധമായിരുന്നു മർദ്ദനമേറ്റ ഓമനയുടെ മൊഴി. ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാനെത്തിയപ്പോള്‍ തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഓമന പറഞ്ഞത്. മകനാണ് തന്നെ മർദ്ദിച്ചതെന്ന് അമ്മ ആരോടും പറയുന്നില്ല. താഴെ വീണാണ് പരിക്കേറ്റതെന്നാണ് അമ്മയുടെ വാദം.
എന്നാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വാര്‍ഡ് മെമ്പര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇത് കൂടാതെ, മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കൂടിയതോടെ, കേരളത്തിൽ ഇത്തരം മനസാക്ഷിയെ നടുക്കുന്ന സംഭവങ്ങൾ ദിനംപ്രതി അരങ്ങേറുകയാണ്. ഓരോ ദിവസവും പത്രത്താളുകളിൽ നിറയുന്നത് പീഡനവും, പെൺവാണിഭവും, മയക്കുമരുന്ന് കേസുകളും, സ്വർണ്ണക്കടത്തും കൊലപാതകവും, ആത്മഹത്യയുമാണ്.
കോവിഡ് കാലത്ത് മദ്യശാലകൾ അടച്ചിരുന്നു. മദ്യം ലഭിക്കാതെ ഇവിടെ ഒരാൾക്കും പ്രശ്നമുണ്ടായില്ല. എന്നാലിപ്പോൾ, മദ്യവിൽപ്പന വീണ്ടും തുടങ്ങിയപ്പോൾ, ആളുകൾ കൊല്ലാനും സ്വയം മരിക്കാനും ആക്രമിക്കാനും തുടങ്ങി. മദ്യപാനികളായ പുരുഷന്മാർ ശാരീരിക ഉപദ്രവം അടക്കമുള്ള അതിക്രമങ്ങൾ നടത്തുമ്പോൾ അതിന് ഇരയാകേണ്ടി വരുന്നത് പലപ്പോഴും കുട്ടികളും സ്ത്രീകളുമാണ്.
സർക്കാരിന് വരുമാനം നൽകുന്നതാണ് മദ്യശാലകൾ എന്ന് കരുതിയാൽ, പാവപ്പെട്ട ആളുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി ഉത്പ്പാദിക്കപ്പെടുന്ന മദ്യമാണ്. ഇത് സംസ്ഥാന സർക്കാരിന് വരുമാനം നൽകുന്നുമില്ല. മദ്യനിരോധനത്തെക്കാൾ മികച്ചൊരു മാർഗ്ഗമാണ് സമ്പൂർണ്ണ ലഹരി മുക്തിക്കായി ഉള്ള പ്രവർത്തനങ്ങൾ. ഇതിനായി സർക്കാർ തന്നെ മുൻകൈ എടുത്തില്ലെങ്കിൽ കേരളം വൃദ്ധരുടെയും മദ്യപാനികളുടെയും മാത്രം നാടായി മാറും.
Post Your Comments