ന്യൂഡൽഹി: പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. തിങ്കളാഴ്ചയാണ് മങ്കേഷ്കർ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്. ദീനനാഥ് മങ്കേഷ്‌കറിന്റെ എൺപതാം ചരമവാർഷികമായ ഏപ്രിൽ 24 ന് ആയിരിക്കും പുരസ്കാരങ്ങൾ സമ്മാനിക്കുക. ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി ഈ വർഷം മുതൽ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മങ്കേഷ്കർ കുടുംബവും മാസ്റ്റർ ദീനനാഥ് മങ്കേഷ്‌കർ സ്മൃതി പ്രതിഷ്ഠാൻ ചാരിറ്റബിൾ ട്രസ്റ്റും പ്രസ്താവനയിൽ പറഞ്ഞു.
മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനാനാഥ് മങ്കേഷ്കർ പ്രശസ്തഗായകരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്‍ലെ, ഹൃദയനാഥ് മങ്കേഷ്കർ, മീനാ ഖാദികർ എന്നിവരുടെ പിതാവാണ്. അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. 92-ാം വയസ്സിലായിരുന്നു അന്ത്യം. ഇതിഹാസ ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയിൽ എത്തിയിരുന്നു. തന്റെ മൂത്ത സഹോദരിയായാണ് ലതാ മങ്കേഷ്കറെ കാണുന്നതെന്നും മോദി പറഞ്ഞിരുന്നു.
Post Your Comments