രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പുതിയ നാഥനെ ലഭിച്ച പാകിസ്ഥാനിൽ മറ്റൊരു ഭീഷണി തലപൊക്കുന്നു. പാകിസ്ഥാനിലേക്ക് ഐ.എസ് ഭീകരരുടെ ഒഴുക്കാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്ന ശേഷം കൃത്യമായ ഇടമില്ലാതെ അഫ്‌ഗാനിൽ നിന്നും ‘കുടിയൊഴിപ്പിക്കപ്പെട്ട’ ഐ.എസ് ഭീകരർ ലക്ഷ്യം വെയ്ക്കുന്നത് പാകിസ്ഥാനെ ആണ്. പാകിസ്ഥാനിൽ പുതിയ താവളമടിച്ച ഐ.എസ്, ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാണ്.
അഫ്‌ഗാനിൽ നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഗത്യന്തരമില്ലാതെ, ഐ,എസ് പാകിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. ഐ.എസ് പാകിസ്ഥാനിൽ ബലമുറപ്പിക്കുന്നതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. അഫ്‌ഗാനിലെ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ എ.പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാകിസ്ഥാനിൽ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ്, ഐ.എസും പാകിസ്ഥാനെ മറപിടിച്ച് ഇവിടെ പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച വിവരവും പുറത്തുവരുന്നത്. പാകിസ്ഥാനിൽ ഐ.എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാകിസ്ഥാൻ, തങ്ങൾക്ക് പറ്റിയ ഇടമാണെന്ന് തിരിച്ചറിഞ്ഞാണ് ഐ.എസ് ഇവിടം തന്നെ തിരഞ്ഞെടുത്തത്.
അഫ്‌ഗാനിൽ നിൽക്കക്കള്ളിയില്ലാതെയാണ് ഐ.എസ് ഇവിടം വിട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റ്-ഖൊറാസാന്‍ എന്ന ഭീകര സംഘടനയെ നേരത്തെ അമേരിക്കന്‍ സൈന്യം താറുമാറാക്കിയിരുന്നു. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ. എസിനെ തകര്‍ത്തത്. അമേരിക്ക സ്ഥലം വിട്ടതിനു പിന്നാലെ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാനുമായും ഐ.എസ് പ്രശ്നത്തിലേർപ്പെട്ടു. പിന്നീട്, താലിബാനും ഐ.എസും തമ്മിലായി സംഘർഷം. ആക്രമണത്തിൽ നിരവധി ഐ.എസ് ഭീകരർ കൊല്ലപ്പെട്ടു. തിരിച്ചടി ഭയാനകമായിരുന്നു. 2021 ഒക്‌ടോബര്‍ മാസം പരസ്പരം തമ്മിലടിച്ച് നിരവധി താലിബാൻ – ഐ.എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായതോടെ, അടിപതറിയ ഐ.എസ് പിന്നീട് അഫ്ഗാനില്‍ നിന്നും പാകിസ്ഥാനിലേക്ക് ചുവടുമാറ്റുകയായിരുന്നു.
നിലവില്‍ അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാകിസ്ഥാൻ ഭരണകൂടത്തിനും സൈന്യത്തിനും തലവേദനയായി മാറിയ സമയത്താണ്, ഐ.എസിന്റെയും കടന്നുവരവ്. അഫ്‌ഗാനിൽ തന്നെയുള്ള അൽ ഖ്വൈദ, തെഹ്‌രിക്-ഇ-താലിബാൻ എന്നീ സംഘങ്ങളുമായി പാക് താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ സാഹചര്യം മുതലെടുത്താണ് ഐ.എസ് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറി തമ്പടിക്കുന്നത്.
ആറു ദിവസം മുമ്പ് പാകിസ്ഥാനിലെ പെഷാവറില്‍ 59 പേർ കൊല്ലപ്പെടാനിടയായ, മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഐ.എസ് ആയിരുന്നു. ഷിയാ വിരുദ്ധ സുന്നി തീവ്രവാദികളുടെ സഹായത്തോടെ പാകിസ്ഥാനിൽ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇമ്രാൻ ഖാൻ പുറത്തായതോടെ, നിലവിലെ അവസ്ഥ മുതലെടുക്കാനാണ് ഇവർ പദ്ധതിയിടുന്നത്. എന്നിരുന്നാലും, പാകിസ്ഥാനിൽ ഐ.എസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്.
Post Your Comments