Latest NewsIndia

സംസ്ഥാന പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ ബിജെപിയിൽ പോയി: സംസ്ഥാന ഘടകം തന്നെ പിരിച്ചു വിട്ട് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: സംസ്ഥാന പ്രസിഡന്റും മറ്റ് മുതിര്‍ന്ന നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അനൂപ് കേസരിയും സംഘടനാ സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാനത്തെ റോഡ് ഷോ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

അതിന് ശേഷം, മഹിളാ വിഭാഗം നേതാവ് മമ്ത താക്കൂര്‍ അഞ്ച് പാര്‍ട്ടി ഭാരവാഹികളോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ്, സംസ്ഥാന ഘടകം തന്നെ പിരിച്ചുവിടാനുള്ള ആംആദ്മി പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ട് പ്രഖ്യാപനം നടത്തിയത്. പുതിയ സംസ്ഥാന ഘടകം ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇനിയും കൂടുതൽ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് മുഖ്യമന്ത്രി ജയ് റാമിന്റെ മണ്ഡലമായ മണ്ഡിയില്‍ നിന്ന് ആംആദ്മി പാര്‍ട്ടി തങ്ങളുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നും ചേര്‍ന്ന് നടത്തിയ റോഡ് ഷോയോടെയായിരുന്നു പ്രചാരണം ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ്, സംസ്ഥാന പ്രസിഡന്റും മറ്റ് നേതാക്കളും ബിജെപിയിലേക്ക് പോയത്. വരാന്‍ പോകുന്ന സിംല മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതിന് മുൻപ് പുതിയ സംസ്ഥാന ഘടകം പ്രഖ്യാപിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button