KeralaLatest NewsNews

വാട്ടര്‍ മെട്രോ ജെട്ടി: ഹരിത ട്രിബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്‌റ്റേ

 

കൊച്ചി: വാട്ടര്‍ മെട്രോയുടെ നിര്‍മാണം പുരോഗമിക്കുന്ന ഹൈക്കോടതി ജെട്ടി പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത ട്രീബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരിത ട്രിബൂണലിന്റെ ഇടക്കാല വിധി അനുചിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
വസ്തുതകള്‍ മറച്ചുവെച്ചാണ് ഹരിത ട്രിബ്യൂണലില്‍ നിന്ന് ഹര്‍ജിക്കാരാനായ കെ.ജി പ്രതാപ സിംഹന്‍ അനുകൂല വിധി തേടിയതെന്ന് കണ്ട് ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് അയക്കാനും വേനലവധിക്ക് ശേഷം പരിഗണിക്കാനും തീരുമാനിച്ചു. വാട്ടര്‍ മെട്രോ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇതേ ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സുപ്രീകോടതിയില്‍ പോയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ഹര്‍ജിക്കാരന്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഹൈക്കോടതിയും സുപ്രീം കോടതിയും വിധി തീര്‍പ്പാക്കിയ ഒരു വിഷയത്തില്‍ ഇടപെടാനോ ഹൈക്കോടതി വിധി വിലക്കാനോ ഹരിത ട്രിബ്യൂണലിന് അവകാശമില്ലെന്നായിരുന്നു കെ.എം.ആര്‍.എല്ലിന്റെ വാദം. ഹൈക്കോടതി ജെട്ടിക്കെതിരായ മൂന്നാമത്തെ പരാതിയാണ് ഇപ്പോള്‍ കോടതി തള്ളുന്നത്. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് വായുവും വെളിച്ചവും ജട്ടി നിഷേധിക്കുമെന്ന ഹര്‍ജിയും വാസ്തവവിരുദ്ധമെന്ന് കണ്ട് ഹൈക്കോടതി 2020ല്‍ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button