ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള പിഎംഎൽഎ ആക്ട് പ്രകാരമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ മൊഴി രേഖപ്പെടുത്തിയതെന്നും, ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു നടപടിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യമായിട്ടുളളത്.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ആരോപണം. ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. യംഗ് ഇന്ത്യയുടെയും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെയും ഭാരവാഹി സ്ഥാനം ഖാര്‍ഗെ വഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരായി കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട്, ഹരിയാനയിലെ 64 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയ ഭൂമിയാണ് കണ്ടുകെട്ടിയത്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാകുകയും ചെയ്തിരുന്നു.
1982 ൽ കൈമാറിയ ഭൂമി പിന്നീട് 10 വർഷത്തിന് ശേഷം ഹരിയാന അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി തിരിച്ചെടുത്തിരുന്നു. എന്നാൽ, 2005 ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടം വരുത്തി പഴയ തുകയും പലിശയും മാത്രം കണക്കാക്കി ഭൂമി വീണ്ടും അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. 2017 ലെ മൂല്യം അനുസരിച്ച് 64.39 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് 59,39,200 രൂപയ്‌ക്ക് ഹൂഡ കൈമാറാൻ നിർദ്ദേശിച്ചത്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍.
Post Your Comments