ബിലാസിപാറ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചക്കയും പച്ചമുളകും അസമിൽ നിന്നും ദുബായിലേക്ക് പറക്കുന്നു. അസമിലെ ബിലാസിപാറ ടൗണിൽ നിന്നുള്ള ചക്കയും മുളകുമായി പുറപ്പെട്ട വാഹനം ധൂബ്രി ഡപ്യൂട്ടി കമ്മിഷണർ അൻബമുതൻ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ലോകപ്രിയോ ഗോപിനാഥ് ബൊർദോലോയ് വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്കും അവിടെനിന്ന് ദുബായിലേക്കും ചക്കയെത്തിക്കാനാണ് പദ്ധതി.
1500 കിലോ ചക്കയും 500 കിലോ പച്ചമുളകുമാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ വഴി ഗൾഫ് രാജ്യങ്ങളിലെ 200ലധികം സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും എത്തിക്കാനാണ് നീക്കം.
അസമിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ ഏകോപനത്തിലാണ് കയറ്റുമതി. ധൂബ്രി ജില്ലാ ഭരണകൂടത്തിന്റെയും കർഷകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഗുവാഹത്തിയിൽ എ.പി.ഇ.ഡി.എ. സംഘടിപ്പിച്ച ഒരു എക്‌സിബിഷനിലൂടെയാണ് ദുബായിലേക്കുള്ള ഈ അവസരം ലഭിച്ചത്. ചക്കയ്ക്കും മുളകിനും ആവശ്യമായ ഉപഭോക്താക്കളെ ലഭിച്ചാൽ കയറ്റുമതി തുടരാനാണ് തീരുമാനമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ പറയുന്നത്.
Post Your Comments