ലഖ്‌നൗ: ഉത്തർപ്രദേശിൽ ആരോഗ്യ ക്യാമ്പയിൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളുള്ള ആശുപത്രികളുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജംഗിൾ കൗഡിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് സംസ്ഥാനത്ത് ജൻ ആരോഗ്യ മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളോട് കൂടി എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രി ഉണ്ടായിരിക്കുമെന്നും എല്ലാ ഞായറാഴ്ചകളിലും എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജൻ ആരോഗ്യ മേള സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. യാത്രകളിൽ ആളുകൾക്ക് സൗജന്യ കൺസൾട്ടേഷനും മരുന്നുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് തന്റെ സർക്കാർ നിലവിൽ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020ലാണ് ക്യാമ്പയിൻ ആരംഭിച്ചതെന്നും എന്നാൽ, കൊറോണ വൈറസ് മഹാമാരി കാരണം ഇത് നിർത്തലാക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 1977 മുതൽ 2017 വരെ 50,000ത്തിലധികം കുട്ടികളുടെ ജീവൻ അപഹരിച്ച മാരകമായ മസ്തിഷ്ക ജ്വരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്താൽ നിയന്ത്രണവിധേയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ്, നിയന്ത്രണാതീതമായിരുന്ന മസ്തിഷ്ക ജ്വരം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നിയന്ത്രണ വിധേയമായി എന്നും, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 37 വർഷത്തിനിടെ സംസ്ഥാനത്തു ഭരണകാലാവധി തികച്ച് വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി.
Post Your Comments