കൊല്ലം: കാര്‍ ബൈക്കിനെ മറികടന്നതില്‍ പ്രകോപിതരായ യുവാക്കള്‍ നടുറോഡിലിട്ട് എസ്‌ഐയേയും കുടുംബത്തേയും തല്ലിച്ചതച്ചു. കൊല്ലത്താണ് സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയ്ക്കും ഭാര്യയ്ക്കും മകനുമാണ് മര്‍ദ്ദനമേറ്റത്.
Read Also : സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഓവര്‍ടേക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍, പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ജിതിന്‍, ജിനോജ് എന്നിവരാണ് കസ്റ്റഡിയിലായത്.
കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ സുഗുണനും ഭാര്യ പ്രിയയും മകന്‍ അമലും ക്ഷേത്ര ദര്‍ശനത്തിനായി പോകുകയായിരുന്നു. അതിനിടയില്‍, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റ് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയി.
ഓവര്‍ടേക്ക് ചെയ്ത് വാഹനം കടന്ന് പോയതിന് ശേഷം ബൈക്കിലുള്ള യുവാക്കള്‍ പിന്നാലെ പിന്തുടര്‍ന്ന് കാറിലുള്ളവരെ അസഭ്യം പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തു. യുവാക്കള്‍ ബൈക്കില്‍ കാറിനെ വട്ടം വെയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എസ്ഐ സുഗുണനെ യുവാക്കള്‍ ആക്രമിച്ചു. ഇത് കണ്ട ഭാര്യയും മകനും സുഗുണനെ തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് നേരേയും യുവാക്കള്‍ തിരിയുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് യുവാക്കളിലൊരാള്‍ കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് എസ്ഐയുടെ മകന്‍ അമലിന്റെ തലയ്ക്ക് തുടര്‍ച്ചയായി അടിക്കുകയും തല പൊട്ടിക്കുകയുമായിരുന്നു. കുടുംബം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments