ശ്രീനഗർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ സ്വാതന്ത്ര്യ മുദ്രാവാക്യം വിളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ഇതിന് പ്രേരിപ്പിച്ച രണ്ട് യുവാക്കളെ അടക്കം, 13 പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങൾക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹം, അതിക്രമിച്ചു കയറൽ, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ പ്രകാരം നൗഹട്ട പൊലീസാണ് കേസെടുത്തത്.
ഹവാൽ നൗഹട്ടയിലെ ബശാരത് നബി ഭട്ട്, നൗഹട്ടയിലെ ഉമർ മൻസൂർ ശൈഖ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. മസ്ജിദിനകത്ത് വെച്ച് ഇവർ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ, രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന ശ്രീനഗറിലെ പഴയ നഗരത്തിലെ മസ്ജിദ് കഴിഞ്ഞ മാസമാണ് പ്രാർത്ഥനയ്ക്കായി തുറന്നു കൊടുത്തത്. അതിനുശേഷം ആദ്യമായാണ് ഇത്തരം മുദ്രാവാക്യങ്ങൾ ഉയരുന്നത്. 24,000 ത്തോളം ആളുകൾ വെള്ളിയാഴ്ച പള്ളിയിൽ ഉണ്ടായിരുന്നു.
‘ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥന തടസ്സപ്പെടുത്താനും പ്രാർത്ഥനയ്‌ക്കെത്തിയവരെ പ്രകോപിപ്പിച്ച് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും ശ്രമം നടന്നു. പാകിസ്ഥാൻ ഭീകര സംഘടനകളുടെ കൈകാര്യകർത്താക്കളുടെ നിർദ്ദേശം പ്രതികൾക്ക് ലഭിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. അതിനാൽ ഈ കേസിൽ സെക്ഷൻ 120 ബിയും ഉൾപ്പെടും’, പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, യുവാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നു. ശ്രീനഗറിലെ ജാമിയ മസ്ജിദിൽ മുദ്രാവാക്യം വിളിച്ചതിന് 13 യുവാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്തുവെന്ന് ഷമ, വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചതിന് യതി നരസിംഹാനന്ദിനെ എന്തുകൊണ്ട് സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തില്ല എന്നാണ് ഇവർ ചോദിക്കുന്നത്. രാജ്യദ്രോഹത്തിന്റെ കാര്യത്തിൽ എന്തിനാണ് ഇരട്ടത്താപ്പ് എന്ന് ഷമ കേന്ദ്ര സർക്കാരിനെ ഉന്നം വെച്ച് വിമർശിക്കുന്നു.
Post Your Comments