കീവ്: റഷ്യൻ പട്ടാളക്കാർ പത്ത് വയസ്സുള്ള പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നുവെന്ന ആരോപണവുമായി ഉക്രൈൻ എം.പി ലെസിയ വാസിലെങ്കോ. ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെ മുറിവുകളോടെ കുട്ടികൾ ഭയന്ന് കഴിയുകയാണെന്ന് ഇവർ പറയുന്നു. തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഇർപിൻ എന്നിവടങ്ങളിലുള്ള നൂറുകണക്കിന് സാധാരണക്കാരെ, റഷ്യൻ സൈന്യം കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ലെസിയയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
മൂന്ന് കുട്ടികളുടെ അമ്മയായ വാസിലെങ്കോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്, റഷ്യൻ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. റഷ്യൻ പട്ടാളക്കാരാൽ പീഡിപ്പിക്കപ്പെട്ട, ഒരു യുവതിയുടെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു എം.പിയുടെ വെളിപ്പെടുത്തൽ.
‘റഷ്യൻ സൈനികർ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നു. 10 വയസ്സ് പോലുമുള്ള പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. റഷ്യൻ പുരുഷന്മാരാണ് ഇത് ചെയ്തത്. റഷ്യൻ അമ്മമാർ വളർത്തിയവർ ഉക്രൈനിലുള്ള അമ്മമാരെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നു. അധാർമിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ. ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പീഡിപ്പിക്കപ്പെട്ട ശരീരമാണിത്. എനിക്കു വാക്കുകളില്ല. ദേഷ്യവും ഭയവും വെറുപ്പും കൊണ്ട് എന്റെ മനസ്സ് തളർന്നിരിക്കുന്നു’, ലെസിയ കുറിച്ചു.
ലിബറൽ ഹോളോസ് പാർട്ടിക്ക് വേണ്ടി 2019-ൽ തിരഞ്ഞെടുക്കപ്പെട്ട വാസിലെങ്കോ, ബ്രിട്ടീഷ് രാഷ്ട്രീയക്കാരെ കാണാൻ കഴിഞ്ഞ മാസം യു.കെ സന്ദർശിച്ച നാല് വനിതാ എം.പിമാരിൽ ഒരാളാണ്. റഷ്യൻ പട്ടാളക്കാർ ചെയ്യുന്ന ക്രൂരമായ ക്രൂരതകളെക്കുറിച്ച് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധക്കുറ്റങ്ങളുടെ ‘വ്യക്തമായ തെളിവുകൾ’ കണ്ടെത്തിയതായി കീവ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകർ പറയുന്നു. സാധാരണക്കാരായ ജനങ്ങളെ കൈകൾ പിന്നിൽ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെയും, പീഡനത്തിന്റെ അടയാളങ്ങൾ ബാക്കി വെച്ച പെൺ ശരീരങ്ങളുടെയും ചിത്രങ്ങൾ ലഭിച്ചതായി ഇവർ വ്യക്തമാക്കുന്നു.
Post Your Comments