ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൻ യുണൈറ്റഡിനെ തകർത്തത്. ഇതോടെ, ആദ്യ നാലിലെത്താമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി. സ്വന്തം കാണികൾക്ക് മുന്നിലിറങ്ങിയ എവർട്ടൻ 27-ാം മിനിറ്റിൽ ആന്തണി ഗോർഡന്‍ വിജയ ഗോൾ നേടി. ഗോളി ജോർദാൻ പിക്ഫോർഡിന്റെ സേവുകളും എവർട്ടൻറെ ജയത്തിൽ നിർണായകമായി.
ജയത്തോടെ എവർട്ടൻ തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷനേടി. 51 പോയിന്റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്താണിപ്പോൾ. എവർട്ടൻ പതിനേഴാം സ്ഥാനത്തും. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ, ചെൽസി എതിരില്ലാത്ത ആറ് ഗോളിന് സതാംപ്ടണെ തകർത്തു. മേസൺ മൗണ്ടിന്‍റെയും തിമോ വെർണറുടേയും ഇരട്ട ഗോൾ കരുത്തിലാണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ്.
Read Also:- ശരീരം നോക്കുന്നത് പോലെ തന്നെയാണ് പല്ലിന്റെ ആരോഗ്യവും: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മാർക്കോ അലോൻസോയും കായ് ഹാവെർട്‌സുമാണ് ചെൽസിയുടെ മറ്റ് സ്കോറർമാർ. 8, 16, 21, 31, 49, 59 മിനിറ്റുകളിലാണ് ചെൽസിയുടെ ഗോളുകൾ. സതാംപ്ടന്‍റെ മൈതാനത്ത് നേടിയ ജയം അടുത്തയാഴ്‌ച ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിനിറങ്ങുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. 30 കളിയിൽ 62 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെൽസി.
Post Your Comments