സെഹോർ: മധ്യപ്രദേശിലെ സെഹോറില്‍ നിന്നും പുറത്തുവരുന്നത് ദാരുണമായ ഒരു വാർത്തയാണ്. വീടിനടുത്ത് കണ്ട പാമ്പിനെ പിതാവ് തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന്‍ മരിച്ചു. ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ദാരുണമായ സംഭവം.
വീടിനു പരിസരത്ത് കണ്ട പാമ്പിനെ കൂലിപ്പണിക്കാരനായ കിഷോർ കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ തല്ലിക്കൊന്ന് മറവ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോർ ലാലിന്റെ മകന്‍ രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ ശേഷമായിരുന്നു കിഷോർ സംഭവമറിഞ്ഞത്.
ഉടന്‍ തന്നെ കുട്ടിയെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കൃത്യമായ സൗകര്യം ഈ ആശുപത്രിയിൽ ഇല്ലാതിരുന്നതിനാൽ ഭോപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. യാത്രാമദ്ധ്യേ രോഹിത് മരിക്കുകയായിരുന്നു. രോഹിതിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ ഇതിനിടയിൽ തല്ലിക്കൊന്നിരുന്നു. സംഭവത്തെ പാമ്പിന്റെ പകയായാണ് കടുത്ത വിശ്വാസികളായ രോഹിതിന്റെ കുടുംബം നോക്കികാണുന്നത്.
Post Your Comments