കൊളംബോ: ശ്രീലങ്കയിലെ ഭരണപ്രതിസന്ധിയ്‌ക്കിടെ സഹായത്തിനായി സൈന്യത്തെ അയക്കുമെന്ന സൂചനകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. അതേസമയം ഭക്ഷ്യധാന്യങ്ങളും മറ്റും നൽകിയുള്ള സഹായം തുടരുമെന്ന സൂചനയാണ് നൽകിയത്. രാജ്യത്തെ കലാപങ്ങളും മന്ത്രിസഭയുടെ തകർച്ചയും ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണ് ഹൈക്കമ്മീഷൻ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. ശ്രീലങ്കയിലേക്കുള്ള നയതന്ത്ര ഉദ്യോഗസ്ഥൻ ഗോപാൽ ബാഗ്ലേയാണ് ഇന്ത്യ ശ്രീലങ്കയിലേയ്‌ക്ക് സൈന്യത്തെ അയയ്‌ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന വിവരം ധരിപ്പിച്ചത്.
ഇന്ത്യയാണ് നിലവിൽ, ഭക്ഷ്യധാന്യവും ഡീസലടക്കമുള്ള ഇന്ധനങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, അടിയന്തിരാവസ്ഥ തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ച് ജനരോഷം തണുപ്പിക്കാനാണ് രജപക്‌സെ ഭരണകൂടത്തിന്റെ ശ്രമം.
രാജ്യമെങ്ങും കനത്ത പ്രക്ഷോഭം തുടരുകയാണ്. ഇന്ധനം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം കൂടുതൽ രൂക്ഷമായി. മരുന്ന് ക്ഷാമം കടുത്ത ആരോഗ്യ പ്രതിസന്ധിയ്‌ക്കിടയാക്കിയേക്കുമെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷസാദ്ധ്യത മുന്നിൽക്കണ്ട് പ്രധാന പട്ടണങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments