KannurKeralaLatest NewsIndiaNews

സഖാക്കൾ ക്ഷേത്രക്കമ്മറ്റിയിലും ഉത്സവം നടത്തിപ്പിലും ഉണ്ടാവണം, ബിജെപിയെ ക്ഷേത്രങ്ങൾ കയ്യേറാൻ അനുവദിക്കരുത്: കെ ബാലകൃഷ്ണൻ

പാർട്ടി കോൺഗ്രസിൽ സ്‌റ്റാലിന്‍ പങ്കെടുക്കുന്നത്‌ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌

കണ്ണൂർ: ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണന്‍. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആര്‍എസ്എസ്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ വിജയിക്കില്ലെന്ന് കെ ബാലകൃഷ്‌ണന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലും പ്രതിരോധം തീര്‍ക്കുമെന്നും, ബിജെപിക്കെതിരെ ഡിഎംകെയും ഇടതുപക്ഷവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

‘വേദകാലത്തിനു മുൻപ് തന്നെ തമിഴ്‌നാട് പുരോഗമന സ്വഭാവം പുലര്‍ത്തിയിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം വേണ്ടെന്നാണ്‌ വേദം പറയുന്നത്‌. എന്നാല്‍, ഇതിനും എത്രയോ മുൻപ് സംഘകാലത്ത്‌ മുപ്പതിലേറെ കവയിത്രികള്‍ ഉണ്ടായിട്ടുണ്ട്‌. ന്യൂനപക്ഷ, ഭൂരിപക്ഷ മതവിഭാഗങ്ങള്‍ പരസ്‌പര സ്‌നേഹത്തോടെയാണ്‌ കഴിയുന്നത്‌.

ആര്‍.എസ്.എസ്. വര്‍ഗീയത പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ക്ഷേത്രങ്ങളെയാണ്‌ ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ്‌ കൊടി കെട്ടുന്നു. ഈ സാഹചര്യത്തിലാണ്‌ ക്ഷേത്ര ഉത്സവനടത്തിപ്പില്‍ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്‌. പറ്റാവുന്നിടത്ത്‌ ക്ഷേത്ര കമ്മിറ്റിയിലും അംഗമാകും. ഇത്‌ പാര്‍ട്ടിയുടെ നയവ്യതിയാനമാണെന്ന വ്യാഖ്യാനമുണ്ടായി. എന്നാല്‍, എല്ലാ ജനവിഭാഗങ്ങളുടെയുമായ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാതെ സംരക്ഷിക്കാനുള്ള ഇടപെടല്‍ മാത്രമാണ്‌ സിപിഐ എമ്മിന്റേത്‌’, കെ ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

‘കപടമായ ദളിത്‌ പ്രേമം കാണിച്ചാണ്‌ ജാതി സംഘടനകളുമായി സംഘപരിവാര്‍ അടുക്കുന്നത്‌. ഇതില്‍ വീഴുന്നവരുമുണ്ട്‌. ദളിത്‌ വിഭാഗത്തിന്റെ ഉന്നമനത്തിനാണ്‌ ആര്‍.എസ്.എസ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ തൊട്ടുകൂടായ്‌മയ്‌ക്കെതിരെ എന്തുകൊണ്ട്‌ നിലപാട്‌ സ്വീകരിക്കുന്നില്ല. ക്ഷേത്ര പ്രവേശനത്തിനായി സമരം ചെയ്യാത്തത്‌ എന്താണ്‌. ഒരു നാട്ടില്‍ ഒരുതരം ശ്‌മശാനം മാത്രം മതിയെന്നെങ്കിലും പറയാനുള്ള ആര്‍ജവം കാണിക്കണ്ടേ. കേവലം രാഷ്‌ട്രീയ മുതലെടുപ്പുമാത്രമാണ്‌ ലക്ഷ്യം.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ എം.കെ. സ്‌റ്റാലിന്‍ പങ്കെടുക്കുന്നത്‌ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. ഡിഎംകെ പ്രവര്‍ത്തകരും ആവേശത്തിലാണ്‌. മുന്‍കാലങ്ങളില്‍, കലൈഞ്ജര്‍ കരുണാനിധിയോടൊപ്പം സിപിഎം നേതാക്കളായ ജ്യോതിബസു, നായനാര്‍ തുടങ്ങിയവര്‍ സമാന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിന്‌ രാഷ്‌ട്രീയ പ്രാധാന്യമേറെയാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button