പത്തനംതിട്ട: വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞ് ഒടുവിൽ പുറത്തിറങ്ങിയ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസ് എന്ന അച്ചായി (40) യുടെ ആവശ്യം കേട്ട് അമ്പരന്ന് പോലീസുകാർ. ശിക്ഷാ കാലാവധി തീർന്ന് ജയിലിന് പുറത്തിറങ്ങിയ, അച്ചായിക്ക് വീണ്ടും ജയിലിൽ തന്നെ കഴിയണമെന്ന് നിർബന്ധം. കാരണം തിരക്കിയ പൊലീസുകാരെ പോലും അമ്പരപ്പിക്കുന്ന മറുപടിയാണ് അച്ചായി നൽകിയത്. അച്ചായിക്ക് വീട്ടിൽ പോകണ്ട, തന്റെ വീട് ജയിലാണ് എന്നാണ് അച്ചായി പറയുന്നത്. എത്ര ആവശ്യപ്പെട്ടിട്ടും പോലീസുകാർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ, അച്ചായി ഒരു കൈ പ്രയോഗം നടത്തി. സ്റ്റേഷനകത്ത് ഇരിക്കുകയായിരുന്ന, എസ്.ഐയ്ക്കിട്ടൊന്ന് പൊട്ടിച്ചു. അങ്ങനെ വീണ്ടും ജയിലിലായി.
‘സര്‍, എനിക്കെതിരെ കേസ് എടുക്കണം, ജയിലില്‍ അടയ്ക്കണം’, ബുധനാഴ്ച വൈകിട്ട് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന് അച്ചായി പറഞ്ഞപ്പോൾ പോലീസുകാർ ആദ്യം തമാശയാണെന്ന് കരുതി. കളിയല്ല കാര്യമാണെന്ന് തോന്നിയപ്പോള്‍, ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനില്‍ നിന്ന് ഇറക്കി വിട്ടു. എന്നാല്‍, ‘കാണിച്ചു തരാം’ എന്ന് ഭീഷണി മുഴക്കി ഇയാൾ, പുറത്തിറങ്ങി അതുവഴി വന്ന സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ബസ് ജീവനക്കാര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തി. അച്ചായി തന്നെയാണ് പ്രതിയെന്ന് അറിഞ്ഞതോടെ പോലീസുകാർ വീണ്ടും അവതാളത്തിലായി. വാഹനം തല്ലിപ്പൊട്ടിച്ച കേസിൽ പ്രതിയായി ഷാജി വീണ്ടും സ്റ്റേഷനിലേക്ക് എത്തി.
എന്നാല്‍, അച്ചായി സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ നടത്തിയ പരാക്രമത്തില്‍ എസ്.ഐ സുരേഷ് പണിക്കര്‍ക്ക് മര്‍ദനമേല്‍ക്കുകയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്റ്റേഷനിലെ ബെഞ്ചുകള്‍, കംപ്യൂട്ടര്‍ സ്‌കാനര്‍ എന്നിവ അടിച്ച് തകർത്തു. കേസിൽ ഷാജിയെ റിമാൻഡ് ചെയ്തു. ചിറ്റാര്‍ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം 6 കേസുകള്‍ മുന്‍പ് ഉണ്ടായിരുന്നു. പല തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അങ്ങനെ അച്ചായി ആഗ്രഹിച്ചത് പോലെ വീണ്ടും ജയിലിലായി.
Post Your Comments