KeralaLatest NewsIndiaNews

അങ്ങനെ ‘ചെമ്പരത്തിപ്പൂ’ നെഞ്ചോട് ചേർത്ത് കെ.വി തോമസ് ഇടത്തേക്ക്

കൊച്ചി: കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ.വി തോമസ്‌ അറിയിച്ചതോടെ, ചർച്ചകൾ പലവഴിക്കായി ഉടലെടുത്തു. കെ.വി തോമസ് പാർട്ടി മാറുകയാണോ എന്ന തരത്തിലുള്ള സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ പോലും ഉന്നയിക്കുന്നത്. അവരെയും കുറ്റം പറയാൻ പറ്റില്ല. സിൽവർലൈൻ പോലെയുള്ള പദ്ധതിയുടെ പേരിൽ സർക്കാരിനെതിരെ, കോൺഗ്രസിനകത്തും പുറത്തും വിരുദ്ധ വികാരമുയരുന്ന സാഹചര്യത്തിലാണ് ‘ഇതൊന്നും പ്രശ്നമേയല്ലെന്ന’ മട്ടിൽ കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഈ പ്രഖ്യാപനം, കോൺഗ്രസിനെ മാത്രമല്ല രാഷ്ട്രീയക്കളരിയിലെ അങ്കം, ആകാംക്ഷയോടെ നോക്കി കാണുന്ന സാധാരണക്കാരനെയും അമ്പരപ്പിച്ചു. കോൺഗ്രസ് വിടില്ലെന്നാവർത്തിക്കുമ്പോഴും, സ്വന്തം അണികളും ഒരു കൂട്ടം നേതാക്കളും അദ്ദേഹത്തെ ‘ഇടതുപക്ഷക്കാരനാക്കി’ മുദ്രകുത്തി കഴിഞ്ഞു എന്ന് വേണം കരുതാൻ. കെ.വി തോമസ്, മനസ് കൊണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരനായി എന്ന് ആശങ്കയോടെ ചിന്തിക്കുന്ന അണികൾക്ക് മുൻപാകെ നിന്നുകൊണ്ട് ‘ഞാൻ കോൺഗ്രസ് വിട്ടെങ്ങോട്ടുമില്ല’ എന്ന് അദ്ദേഹം പല തവണ ആണയിട്ട് കഴിഞ്ഞു. എന്തൊക്കെ പറഞ്ഞാലും, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന ഒരൊറ്റ പ്രഖ്യാപനത്തിലൂടെ മാത്രമല്ല, അദ്ദേഹത്തെ ഇടതുപാളയത്തിലേക്കുള്ള യാത്രയെ കുറിച്ച് കോൺഗ്രസ് നേതാക്കൾ അസംതൃപ്തരാകുന്നത്. അതിന് കുറച്ച് നാളുകൾ പഴക്കം ചെന്ന ‘അഭ്യൂഹങ്ങൾ’ ആണ് കാരണം,

Also Read:ഇന്ത്യയെ അങ്ങനെയങ്ങ് വിട്ടുകളയാൻ ബ്രിട്ടന് കഴിയില്ല: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബോറിസ് ജോൺസൺ ഇന്ത്യയിലേക്ക്

ഇത്ര ധൈര്യം കെ.വി തോമസിന് എവിടെ നിന്നുണ്ടായി എന്നോർത്ത് അമ്പരക്കുന്നവരുണ്ടാകാം. അവരുടെ അറിവിലേക്കായി, രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് നാളുകളായി നടന്ന ചർച്ചകളുടെ പ്രതിഫലനം മാത്രമാണിത് എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ക്ളൈമാക്സിന് മുന്നേയുള്ള പൊട്ടിത്തെറി. കളം മാറി ചവിട്ടാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു തോമസ് മാഷ് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയൊന്നും ഉണ്ടാകില്ല. സുവര്‍ണ്ണകാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത്, തലയുയർത്തി ഇരിക്കുകയും കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ അധികാരക്കസേരകളില്‍ ചാഞ്ഞിരിക്കുകയും ചെയ്തിരുന്ന അദ്ദേഹമാണിന്ന് കോൺഗ്രസിനകത്ത് അവഗണകൾ നേരിടുന്നത്. ഇതേക്കുറിച്ച് പറഞ്ഞാലും, ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ പോലും നേതാക്കളാരുമുണ്ടാകില്ല.

Also Read:ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

അതേസമയം, കെ.വി തോമസ് കോൺഗ്രസ് വിട്ടാലും വിട്ടില്ലെങ്കിലും, സി.പി.എമ്മിലേക്ക് ചേക്കേറിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ‘പാർട്ടി മാറ്റ’ത്തെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളുമെല്ലാം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം മോദി അനുകൂലൻ എന്ന ആരോപണം നേരിട്ട ആളായിരുന്നു കെ. വി തോമസ്. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി കെ.വി തോമസിനെ നിർദേശിച്ചതോടെ ഈ വിമർശനം കുറച്ച് കൂടി ശക്തമായി. വീട്ടിലെ താമര കൃഷിയായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ‘ബി.ജെ.പി അനുകൂല’ വിവാദം. ഇതിനെ, പരിഹാസച്ചിരിയോടെയായിരുന്നു അദ്ദേഹം തള്ളിക്കളഞ്ഞത്. താമര മാത്രമല്ല, ചെമ്പരത്തിയും തൻ്റെ വീട്ടിലുണ്ടെന്നായിരുന്നു വിവാദത്തോട് കെ.വി തോമസിൻ്റെ പ്രതികരണം. അങ്ങനെ, ‘ചെമ്പരത്തിപ്പൂ’ നെഞ്ചോട് ചേർത്ത് കെ.വി തോമസ് ഇടത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സി.പി.എം മനം കുളിർക്കെ കണ്ട് രസിക്കുകയും, കോൺഗ്രസ് ഇടിവെട്ടേറ്റ പോലെ അന്ധാളിച്ച് നിൽക്കുന്നതുമായ കാഴ്ച.

അതേസമയം, വർഗീയതക്കെതിരായ ദേശീയ സെമിനാറിലാണ് കെ.വി തോമസ് പങ്കെടുക്കുക. അതിൽ പങ്കെടുത്ത്‌ ബി.ജെ.പിക്കെതിരെ അദ്ദേഹം സംസാരിക്കും. ദേശീയതലത്തിൽ എല്ലാ കക്ഷികളും വർഗീയതക്കെതിരെ ഒന്നിച്ച്‌ നിൽക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച ഒരുകാലം കൂടിയാണിതെന്നും ,കോൺഗ്രസിനും അതിൽ നിന്ന്‌ മാറിനിൽക്കാൻ കഴിയില്ലെന്നും എറണാകുളത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കളരിയിലെ എല്ലാ കണ്ണുകളും ഇപ്പോൾ കണ്ണൂരിലേക്കാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button