റിയാദ്: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി അറേബ്യ. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്‌റാൻ, അൽ-ഖോബാർ തുടങ്ങിയ നഗരങ്ങളിലാണ് ട്രക്കുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്. സൗദി ജനറൽ ട്രാഫിക് വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
റിയാദ് നഗരത്തിൽ രാവിലെ 8 മുതൽ രാത്രി 12 വരെ ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതു സേവന ട്രക്കുകൾക്ക് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്നും അധികൃതർ അറിയിച്ചു. രാത്രി 12 മുതൽ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ രാത്രി 12 വരെ ആയിരിക്കും നിരോധനം ഏർപ്പെടുത്തുന്നത്.
ജിദ്ദയിൽ ഞായർ മുതൽ വ്യാഴം വരെ വെള്ളം ശുചീകരണത്തിനുൾപ്പടെ ഉപയോഗിക്കുന്ന ട്രക്കുകൾക്ക് മുഴുസമയ സഞ്ചാര അനുമതിയുണ്ട്. മറ്റു ട്രക്കുകൾക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു വരെയും വിലക്ക് ഏർപ്പെടുത്തി. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ ഏഴ് വരെയും രാത്രി ഒൻപത് മുതൽ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്. ദമ്മാമിൽ ദഹ്റാൻ അൽഖോബാർ റോഡുകളിൽ രാവിലെ ഒൻപത് മുതൽ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതൽ ആറു വരെയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments