ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ആശ്വാസമായി, ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇവരുടെ ശമ്പളം ഈ മാസം വർദ്ധിക്കും. ഇതിനുള്ള ഉത്തരവും, സർക്കാർ പുറത്തിറക്കിക്കഴിഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് ശേഷം, റെയിൽവേ മന്ത്രാലയം അതിന്റെ എല്ലാ സോണുകളോടും ഈ അലവൻസ് നൽകാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച്, മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, പ്രാബല്യത്തിലുള്ള പുതുക്കിയ നിരക്കുകൾക്കൊപ്പം ക്ഷാമബത്തയും നൽകും.
റെയിൽവേയുടെ ഈ തീരുമാനം, 14 ലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും നേരിട്ട് ഗുണം ചെയ്യും. ഏത് സാഹചര്യത്തിലും, ഈ പേയ്മെന്റുകൾ ഈ മാസം അവസാനത്തോടെ നൽകും. റെയിൽവേ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു. റെയിൽവേ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ (pay commission-VII, HAMS) ജയകുമാർ ഇത് സംബന്ധിച്ച്, എല്ലാ സോണുകൾക്കും ഉൽപ്പാദന യൂണിറ്റുകൾക്കും കത്ത് നൽകി. റെയിൽവേ ജീവനക്കാർക്ക് നൽകേണ്ട ക്ഷാമബത്ത 2022 ജനുവരി 1 മുതൽ അടിസ്ഥാന ശമ്പളത്തിന്റെ നിലവിലുള്ള നിരക്കായ 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് കത്തിൽ പറയുന്നു.
പുതുക്കിയ ശമ്പള ഘടനയിലെ അടിസ്ഥാന വേതനം എന്നത്, സർക്കാർ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം പേ മാട്രിക്സിൽ നിശ്ചിത തലത്തിൽ ലഭിക്കുന്ന ശമ്പളത്തെ സൂചിപ്പിക്കുന്നു. പ്രത്യേക ശമ്പളം പോലെയുള്ള മറ്റേതെങ്കിലും തരത്തിലുള്ള ശമ്പളം ഇതിൽ ഉൾപ്പെടുന്നില്ല. 2022 ഏപ്രിൽ 30ന് ഡിയർനസ് അലവൻസ് നൽകുമെന്ന് ഓൾ ഇന്ത്യ റെയിൽവേ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ ഏപ്രിൽ 30ന് കുടിശ്ശികയോടൊപ്പം ക്ഷാമബത്തയും നൽകുമെന്നും ഗോപാൽ മിശ്ര പറഞ്ഞു.
Post Your Comments