ആലുവ: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണമാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമ്പാട്ടുകാവിലെ ദേശീയപാതയിൽ പത്തനംതിട്ട സ്വദേശിനി തുളസി (65) യെയാണ് വാഹനമിടിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് അനിൽകുമാർ (46) ആണ് മാല കവർന്നതിന് അറസ്റ്റിലായത്. ആലുവ പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ 30ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തുളസിയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ സ്വയം മുന്നോട്ടുവരികയായിരുന്നു. അതുവഴിവന്ന കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. യാത്രാമധ്യേ തുളസി മരണമടഞ്ഞു. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. തുടർന്ന്, പൊലീസിൽ പരാതി നൽകി.
Read Also : മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീടിന് തീയിട്ടപ്പോൾ ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത്
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, പരിക്കേറ്റ് കിടക്കുമ്പോൾ തുളസിയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. യാത്രാമധ്യേ, അനിൽകുമാർ മാല ഊരിയെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തുളസിയെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ഈ വാഹനമോടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാമി (22) നെയും പൊലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments