കൊൽക്കത്ത: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. സിഎംഐഇയുടെ (CMIE) റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന് കാരണമാകുന്നു എന്നും പറയുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ പ്രതിമാസ ഡാറ്റ രേഖപ്പെടുത്തുന്നത് ഇങ്ങനെ, ‘2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു, ഇത് മാർച്ചിൽ 7.6 ശതമാനമായി കുറഞ്ഞു.’
ഇതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 7.5% ആയി. ഗ്രാമങ്ങളിൽ ഇത് 7.1 ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് കുറയുന്നത്, കോവിഡ് പ്രതിസന്ധിക്കു ശേഷം രാജ്യത്തെ സാമ്പത്തികാവസ്ഥ സാധാരണ നിലയിലേക്കു വരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയത് ഹരിയാനയാണ്. തൊട്ടുപിന്നാലെ രാജസ്ഥാനും ജമ്മു കശ്മീരും 25 ശതമാനം വീതവും ബിഹാർ 14.4 ശതമാനവും ത്രിപുര 14.1 ശതമാനവും തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തി. കർണാടകയും ഗുജറാത്തുമാണ്, രാജ്യത്ത് ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.
Post Your Comments