തിരുവനന്തപുരം: വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന സർഫാസി നിയമത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം പാതിവഴിയിൽ ഉപേക്ഷിച്ചു. നിയമസഭാ സമിതിയുടെ ശുപാർശകളും കടലാസിൽ മാത്രമായി. സഹകരണബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും യാഥാർഥ്യമായില്ല.
സംസ്ഥാനത്തിന്റെ സ്വന്തം സഹകരണബാങ്കായ കേരള ബാങ്ക് ഇപ്പോൾ സർഫാസി നിയമമനുസരിച്ചുള്ള ജപ്തിനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. അച്ഛൻ ഐസിയുവിൽ കിടക്കവേ, മക്കളെ ഇറക്കിവിട്ട് മൂവാറ്റുപുഴ അർബൻ സഹകരണബാങ്ക് വീട് ജപ്തിചെയ്തത് സർഫാസി നിയമം പ്രയോഗിച്ചാണ്. സി.പി.എമ്മാണ് ഈ ബാങ്ക് ഭരിക്കുന്നതും. ഈ നിയമം കാരണം, ജനങ്ങൾക്കുള്ള ദുരിതം പഠിക്കാൻ നിയമസഭ താത്കാലികസമിതിയെ നിയോഗിച്ചു.
10 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പയ്ക്കുമാത്രമേ ഈ നിയമപ്രകാരം ജപ്തിനടപടികൾ പാടുള്ളൂവെന്നും, വായ്പയുടെ മൂന്നിൽ രണ്ടു ഗഡുക്കൾ അടച്ചുകഴിഞ്ഞാൽ നിയമം ബാധകമാക്കരുതെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും, സമിതി ശുപാർശചെയ്തു. സർക്കാരിന്റെ ഈ നിലപാടും പ്രളയം, കോവിഡ് എന്നിവ കാരണവും ജപ്തിനടപടികൾ തത്കാലം നിലിച്ചിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയതോടെ, ആശങ്കയിലായത് ഒട്ടനവധി പാവപ്പെട്ടവരാണ്.
Post Your Comments