ഡൽഹി: കേരളത്തിൽ നിന്നുള്ള സംഘടന സന്നദ്ധപ്രവർത്തനങ്ങൾക്കായുള്ള പണം വകമാറ്റി പഞ്ചാബിൽ പള്ളി നിർമ്മിച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ‘കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ’ പഞ്ചാബിൽ നടത്തിയ പള്ളി നിർമ്മാണത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചത്.
പഞ്ചാബിലെ ഫരീദ്കോട്ടിൽ 2015 – 2017 കാലയളവിൽ മൂന്ന് പള്ളികളുടെ നിർമ്മാണമാണ് സംഘടന പൂർത്തിയാക്കിയത്. പഞ്ചാബിൽ പ്രവർത്തനമില്ലാത്ത ഇവർ രണ്ട് ജമ്മുകശ്മീർ സ്വദേശികളുടെ പേരിലേക്ക് 70 കോടി രൂപ വകമാറ്റി പള്ളി നിർമ്മാണം നടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിലിരിക്കുന്ന വിഷയമായതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ആർസിഎഫ്ഐ അറിയിച്ചു.
സാമൂഹിക സംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കായിട്ടാണ് സംഘടന രൂപീകരിച്ചത്. വിദേശ സംഭാവന സന്നദ്ധപ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ് സംഘടനയ്ക്ക് കേന്ദ്രം അനുമതി നൽകിയിരുന്നത്. ഈ പണം വകമാറ്റി ചിലവഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേസമയം, വിദേശനിക്ഷേപം സ്വീകരിക്കാൻ സംഘടനയ്ക്ക് നല്‍കിയ അനുമതി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു.
Post Your Comments