പെരുമ്പാവൂർ: നിയമ വിദ്യാർത്ഥിനിയായ ജിഷയുടെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. സംഭവത്തിന് ശേഷം, സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വന്‍ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് കിട്ടിയത്. എന്നാല്‍, ഇപ്പോള്‍ ജീവിതം വളരെ പ്രയാസമേറിയതാണെന്നാണ് രാജേശ്വരിയുടെ വെളിപ്പെടുത്തൽ. ഭക്ഷണത്തിനായി ഭിക്ഷ എടുക്കേണ്ട സ്ഥിതി വരെ വന്നെന്ന്, രാജേശ്വരി ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
സീരിയൽ പിടിക്കാനായി ഷംസീർ എന്ന ആളും റാഫി എന്ന ആളും തന്നോട് 6 ലക്ഷത്തോളം രൂപ വാങ്ങി എന്നും, ഇത് ഇവർ തിരിച്ചു തന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ, രാജേശ്വരിക്ക് നല്‍കിയ പൊലീസ് സംരക്ഷണവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ജിഷയുടെ മരണത്തെ തുടര്‍ന്ന്, സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് ഇപ്പോള്‍ രാജേശ്വരിയുടെ താമസം. പലരോടും ഭിക്ഷയെടുത്താണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും രാജേശ്വരി പറയുന്നു. അതേസമയം, രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും, പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
രാജേശ്വരിയ്ക്കായി, സുമനസുകളുടെ സഹായത്താല്‍ ലഭിച്ച തുക കൊണ്ട് സര്‍ക്കാര്‍ പുതിയ വീട് പണിതു. 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപയാണ്. ഇതില്‍, പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റിയെന്നും അധികൃതർ പറഞ്ഞു.
Post Your Comments