Latest NewsKeralaNews

ആരും നോക്കാനില്ലാതെ വഴിയിൽ കിടന്നു മരിച്ച പാപ്പുവിന്റെ അക്കൗണ്ടിലെ ലക്ഷങ്ങൾക്കായി രാജേശ്വരിയും ദീപയും തമ്മിൽ തർക്കം

കൊച്ചി: തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെ വഴിയരികില്‍ മരിച്ചു കിടന്ന കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടിലെ ലക്ഷങ്ങൾക്കായി ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിൽ തർക്കം. ജീവിച്ചിരുന്നപ്പോള്‍ പാപ്പുവിനെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല. മകള്‍ മരിച്ച്‌ സാമ്പത്തികം കിട്ടിയപ്പോഴും ആരും പാപ്പുവിനെ ഓര്‍ത്തില്ല. മരിച്ചു കഴിഞ്ഞു ശവശരീരം കാണാൻ പോലും രാജേശ്വരി പോയതുമില്ല. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിക്കഴിഞ്ഞതായാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്‌ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചതായിട്ടാണ് വിവരം. ഭാര്യ എന്ന നിലയില്‍ രാജേശ്വരിക്കും മകള്‍ എന്ന അധികാരത്തില്‍ ദീപയ്ക്കും പണത്തില്‍ അവകാശം ഉണ്ടെങ്കിലും പാപ്പു നിക്ഷേപത്തില്‍ അനന്തരാവകാശിയാക്കി വെച്ചിട്ടുള്ളത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു.

പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല.മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി ഇന്നലെ പെരുമ്പാവൂര്‍ പൊലീസിലെത്തി പരാതി നല്‍കിയതായാണ് റിപ്പോർട്ട്. കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി രാജേശ്വരി വിട്ടിലെത്തിയിട്ടില്ലന്നാണ് ദീപ പുറത്തുവിട്ട വിവരം. ഇവർ ഷുഗർ കൂടിയ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും റിപ്പോർട്ട് ഉണ്ട്.

ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും മതാവും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നുള്ള ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മരണശേഷം പാപ്പുവിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക സ്വന്തമാക്കാന്‍ ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.പാപ്പുവിന്റെ തറവാട് വീട്ടിനടുത്തു താമസിച്ചിരുന്ന സരോജിനിയമ്മയുടെ വീട്ടില്‍ പണികളും മറ്റും ചെയ്തിരുന്നത് പാപ്പുവും സഹോദരങ്ങളുമായിരുന്നു. ബാങ്കില്‍ രേഖകള്‍ എല്ലാം പൂരിപ്പിച്ച്‌ നല്‍കിയ ശേഷം വിവരം പാപ്പു സരോജിനിയോട് വിവരം പറഞ്ഞിരുന്നു.

എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് പാപ്പു മറുപടിയും പറഞ്ഞതായിട്ടാണ് പറയുന്നത്.അന്വേഷണം നടത്തിയ പോലീസ് മാര്‍ച്ചില്‍ അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന്റെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബാക്കി വന്നതാണ് 4,32,000 രൂപ.നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടിലെ തുക നോമിനിക്ക് കൈമാറുന്നതാണ് ബാങ്കിന്റെ രീതി. എന്നാല്‍ പാപ്പുവിന്റെ നയാപൈസ തനിക്ക് വേണ്ടെന്ന നിലപാടിലാണ് സരോജിനിയമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button