KeralaLatest NewsIndia

‘മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്’: പോപ്പുലർ ഫ്രണ്ട് പരിശീലന വിവാദത്തിന് പിന്നാലെ സർക്കുലർ

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ച.

കൊച്ചി: മത, രാഷ്ട്രീയ സംഘടനകൾക്ക് അ​ഗ്നിശമന സേനാം​ഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നൽകിയത്. സർക്കാർ അം​ഗീകൃത സംഘടനകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകാനാണ് സർക്കുലറിലെ നിർദ്ദേശം. പരിശീലന അപേക്ഷകളിൽ ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചന വേണമെന്നും സർക്കുലറിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ട് പുതിയതായി രൂപം നല്‍കിയ റസ്‌ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. റസ്‌ക്യു ആന്‍ഡ് റിലീഫ് ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു, ഡെമോ അരങ്ങേറിയത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button