മറയൂര്‍: തമിഴ്‌നാട്ടില്‍ പച്ചക്കറി വില താഴോട്ട്. തക്കാളിക്കും ഉള്ളിക്കും വിലയിടിഞ്ഞു. ചന്തകളില്‍ ഒരുകിലോ തക്കാളി അഞ്ചുരൂപക്ക് താഴെ വില്‍പന നടത്തുമ്പോള്‍ ചെറിയ ഉള്ളി ഒരുകിലോ 10 രൂപക്കാണ് വില്‍പന.
ഉദുമല്‍പേട്ട, പഴനി, ഒട്ടംചത്രം, കുമാരലിംഗം, കൊളുമം, കുടിമംഗലം തുടങ്ങിയ മേഖലയിലാണ് കൂടുതല്‍ പച്ചക്കറികൃഷി ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പിന്നീട്, ഭാഗികമായി ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ വീണ്ടും കൃഷി ഇറക്കുകയായിരുന്നു. ഇവ പാകമായി മാര്‍ക്കറ്റിലെത്തി തുടങ്ങിയതും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ ചെറിയ ഉള്ളി തമിഴ്‌നാട്ടില്‍ എത്തുന്നതുമാണ് വില കുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
ഉദുമല്‍പേട്ട മൊത്ത വ്യാപാര ചന്തയില്‍ 15 കിലോ ഉള്‍ക്കൊള്ളുന്ന ഒരു പെട്ടി തക്കാളി 60 മുതല്‍ 90 രൂപക്ക് വരെയാണ് വില്‍ക്കുന്നത്. ചെറിയ ഉള്ളി കിലോ10 മുതല്‍ 15 രൂപക്കുമാണ് വില്‍പന. ചില്ലറ വിപണിയില്‍ തമിഴ്‌നാട് ചന്തകളില്‍ തക്കാളി അഞ്ചുമുതല്‍ എട്ടുരൂപ വരെയും ചെറിയ ഉള്ളി 15 രൂപ മുതല്‍ 20 രൂപ വരെയുമാണ് വില്‍പന നടക്കുന്നത്.
Post Your Comments