Latest NewsKeralaIndia

കസ്റ്റഡിയിലെടുത്തത് ദിലീപിന്റെ പ‍ഞ്ചറായ കാർ: കെട്ടിവലിച്ച് കൊണ്ടുപോകാനൊരുങ്ങി ഉദ്യോഗസ്ഥർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ചുള്ള കേസിൽ, ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത നടൻ ദിലീപിന്റെ കാർ പഞ്ചർ. കാർ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ഉദ്യോ​ഗസ്ഥരുടെ നീക്കം. നിലവിൽ, ടയറുകൾ പഞ്ചറായി ഓടിച്ചുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഉദ്യോഗസ്ഥർ മഹസർ തയാറാക്കി മടങ്ങി. വെള്ളിയാഴ്ച വൈകിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ചുവപ്പ് സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്.

മെക്കാനിക്കുമായി എത്തി കാർ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ശ്രമം. 2016ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും, ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും, അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽവെച്ച്, പൾസർ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയെന്നും, കാറിൽ മടങ്ങുമ്പോൾ പൾസർ സുനിയ്ക്കൊപ്പം ദിലീപിന്റെ സഹോദരൻ അനൂപ് ഉണ്ടായിരുന്നെന്നും ക്രൈംബ്രാ‌ഞ്ച് പറയുന്നു.

എന്നാൽ, നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദ്യമുയർത്തിയിരുന്നു. കേസിൽ, സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കോടതി. കേസ് സിബിഐക്ക് വിടുന്നതിനെ കുറിച്ച് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button