ന്യൂഡൽഹി: ആയുധ കൈമാറ്റ ചരിത്രത്തിലെ നിർണായക പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ളത് എന്തു തന്നെയായാലും അത് വിൽക്കുവാൻ തങ്ങൾ തയ്യാറാണെന്നാണ് ഔദ്യോഗികമായി റഷ്യ പ്രഖ്യാപിച്ചത്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്റോവ്, ഡൽഹിയിൽ വച്ചാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. നിലവിൽ, ഇന്ത്യൻ സായുധ സേനകളുടെ നല്ലൊരു ഭാഗവും റഷ്യൻ നിർമ്മിത ഉപകരണങ്ങളും യുദ്ധവിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
എസ്.400 എന്ന റഷ്യൻ വ്യോമവേധ സംവിധാനം ഘട്ടംഘട്ടമായി ഇന്ത്യക്ക് കൈമാറുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നിലവിലുള്ളതിൽ, ഏറ്റവും ഫലപ്രദമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്.400. അമേരിക്കയുടെ ഉപരോധ ഭീഷണികളെ കൂസാതെയാണ് ഇത് വാങ്ങാൻ ഇന്ത്യ തയ്യാറായത്. ഈ വ്യോമപ്രതിരോധ സംവിധാനത്തിന് നവീകരിച്ച പതിപ്പായ എസ്.500 സ്വന്തമാക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്നും, പരോക്ഷമായി ഈ കരാറിനെ ലക്ഷ്യമാക്കിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
Post Your Comments