ചെന്നൈ: ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച മുഖ്യമന്ത്രി, എം.കെ സ്റ്റാലിനാണെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ ട്രോളി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. മുഖ്യമന്ത്രി പിണറായി വിജയനെ ‘കൊള്ളിച്ചാണ്’ സന്ദീപ് വാര്യരുടെ പ്രതികരണം. യെച്ചൂരിയുടെ പ്രസ്താവനയിൽ നിന്നും മൂന്ന് കാര്യങ്ങൾ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും അമ്പരപ്പിക്കുന്നതുമായ വസ്തുത, പിണറായി വിജയനെ സ്വന്തം പാർട്ടിക്ക് പോലും വേണ്ടാതായോ എന്ന സംശയമാണ്. സന്ദീപ് വാര്യരും ഇത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ഒന്നുള്ളതിനെ (പിണറായി വിജയൻ) ഒരു വഹക്ക് കൊള്ളില്ല എന്നദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിൽ നിന്ന് എന്ത് മനസ്സിലാക്കാം? (സന്ദീപ് വാര്യർ എഴുതിയത്)
1) ബി.ജെ.പി മുഖ്യമന്ത്രിമാരെ വെല്ലാൻ ആരുമില്ല.
2) ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ സ്റ്റാലിൻ ഏറ്റവും മികച്ചവൻ.
3 ) ഇവിടെ ഒന്നുള്ളതിനെ ഒരു വഹക്ക് കൊള്ളില്ല.
അതേസമയം, പിണറായി വിജയൻ ഉണ്ടായിട്ടും സ്റ്റാലിനെ പുകഴ്‌ത്തിയുള്ള യെച്ചൂരിയുടെ പ്രസ്താവനയെ ട്രോളി സോഷ്യൽ മീഡിയയും രംഗത്തുണ്ട്. പിണറായി വിജയനെ തഴഞ്ഞോ എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. നമ്പർ വൺ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പാർട്ടി പുകഴ്‌ത്തുമ്പോഴും പാർട്ടി നേതാവ് കൈ വിട്ടല്ലോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പിണറായിയെ സ്വന്തം പാർട്ടിക്ക് പോലും വേണ്ടാതായല്ലോ എന്ന പരിഹാസവും ഉയരുന്നുണ്ട്.
പാർട്ടി തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു യെച്ചൂരിയുടെ സ്റ്റാലിൻ സ്തുതി. ബി.ജെ.പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണെന്നും, ബി.ജെ.പിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എം.കെ സ്റ്റാലിനാണെന്നുമായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
Post Your Comments