KeralaLatest NewsNewsIndia

സംഗമേശ്വരനെ പുല്ല് വിലയാണെന്ന നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് അമ്പലത്തിൽ കേറാൻ ഒരാവകാശവും അവർക്കില്ല: ശങ്കു ടി ദാസ്

കാല് തന്നെ ബലിക്കല്ലിൽ തട്ടി ചോര പൊടിഞാൽ പോലും നടയടച്ചു ശുദ്ധിയും പുണ്യാഹവും നടത്തേണ്ട താന്ത്രിക പീഠങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ

തൃശ്ശൂർ: നർത്തകി മൻസിയ അഹിന്ദു ആണെന്ന് ആരോപിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാത്തതിനാലാണ് മൻസിയയ്ക്ക് അവസരം നഷ്ടമായത്. ഇതിനെ തുടർന്ന്, അവിശ്വാസികളെയാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ നോക്കേണ്ടതെന്നും കലാകാരിയെ മാറ്റി നിർത്തിയത് ശരിയായില്ലെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ, ഇടതുപക്ഷം മൻസിയയെ മുൻനിർത്തി ക്ഷേത്ര വിരുദ്ധ നവോത്ഥാന ക്യാമ്പയിൻ നടത്തുകയാണെന്നും ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മൻസിയയ്ക്ക് ഒപ്പം നിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി ശങ്കു ടി ദാസ് രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

read also: മീഡിയ വൺ പൂട്ടാതിരിക്കാൻ ഗർജ്ജിച്ച നേതാക്കളൊക്കെ വിനുവിനെ രക്ഷിക്കാനും എന്തേലുമൊക്കെ മൊഴിയണം പ്ലീസ്: ബെറ്റിമോൾ മാത്യു

കുറിപ്പ് പൂർണ്ണ രൂപം

ക്ഷമിക്കണം. പോപ്പുലർ ഒപ്പീനിയനും മൻസിയക്കും ഒപ്പമല്ല.

ക്ഷേത്രാചാരങ്ങൾക്കും അവ സംരക്ഷിക്കാനായി നില കൊണ്ട ക്ഷേത്ര ഭരണ സമിതിക്കും ഒപ്പം തന്നെയാണ്. യേശുദാസിനുള്ള ഗുരുവായൂർ ക്ഷേത്ര പ്രവേശന വിലക്കിന്റെ വിവാദത്തിൽ നിങ്ങൾ പറഞ്ഞിരുന്നത് അഹിന്ദുക്കളെ അല്ല, അവിശ്വാസികളെ ആണ് ക്ഷേത്രത്തിന് പുറത്ത് നിർത്തേണ്ടത് എന്നായിരുന്നു.

ഹിന്ദുവായി ജനിച്ചില്ലെങ്കിൽ പോലും ഹിന്ദു ജീവിത രീതി പിന്തുടരുന്ന, ശബരിമലയിലും മൂകാംബികയിലും സ്ഥിരമായി പോവുന്ന, ആയിരത്തോളം ഭക്തി ഗാനങ്ങൾ ആലപിച്ച തികഞ്ഞ വിശ്വാസി ആയ ദാസേട്ടനെ ക്ഷേത്രത്തിൽ വിലക്കുന്നത് ശരിയല്ലെന്നായിരുന്നു.

എന്നാൽ മൻസിയയുടെ കാര്യം വന്നപ്പോൾ നിങ്ങൾ അവിടെ നിന്നും മുന്നോട്ട് പോയി. ഇപ്പോൾ ക്ഷേത്ര വിശ്വാസി അല്ലെങ്കിലും പ്രശ്നമില്ല, നല്ല കലാകാരി ആണെങ്കിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നാണ് നിങ്ങളുടെ വാദം.

മൂർത്തിയുടെ ഭവനമായ ക്ഷേത്രത്തിൽ കയറി ചെല്ലാനുള്ള അവകാശത്തിന് മൂർത്തിയോടുള്ള മനോഭാവം ഒരു ഘടകമേ അല്ലെന്നാണ് ഇപ്പോൾ നിങ്ങളുടെ വാദം. മൂർത്തിയെ തന്നെ നിന്ദിക്കുന്നവർക്ക് പോലും കലാപരമായ വ്യക്തിഗത മികവുണ്ടെങ്കിൽ ക്ഷേത്ര പ്രവേശനമാവാം എന്നാണ് നിങ്ങളുടെ വാദം.
ഇതെന്തൊരു ദേവതാ നിന്ദയാണ്!

യേശുദാസിന് താൻ തികഞ്ഞ വിശ്വാസി ആണെന്നൊരു ന്യായം എങ്കിലും ഉണ്ടായിരുന്നു. അദ്ദേഹം ക്ഷേത്രത്തിൽ കയറാൻ ആഗ്രഹിച്ചത് കച്ചേരി നടത്തി കാശ് വാങ്ങാനല്ല, മൂർത്തിയെ കണ്ട് തൊഴാനായിരുന്നു. എന്നിട്ടും അദ്ദേഹത്തിനുള്ള വിലക്ക് തുടർന്നത് വ്യക്തികളുടെ മഹത്വത്തിനും മേലെയാണ് ക്ഷേത്രത്തിന്റെ ആചാരം എന്നത് കൊണ്ടാണ്. ഒരാൾക്ക് വേണ്ടി മാത്രം ചരിത്രപരവും വിശ്വാസപരവുമായ നീതീകരണങ്ങളുള്ള ഒരു പൊതു നിയമത്തിൽ ഇളവ് കൊണ്ട് വരാൻ ആവില്ലെന്നത് കൊണ്ടാണ്.

എന്നാൽ മൻസിയ വിശ്വാസി പോലുമല്ല. താൻ ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആളാണ്‌. കേരളത്തിലെ തന്നെ പ്രമുഖ യുക്തി/നിരീശ്വര വാദിയാണ്.
ഇടതു ലിബറൽ പുരോഗമന കോമിയും സജീവ സി.പി.ഐ.എം സൈബർ പ്രചാരകയുമാണ്.
മുൻ DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. ബാല സംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും യുവ കലാ സാഹിതിയിലൂടെയും വളർന്നു വന്ന ആളാണ്‌.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന് പോസ്റ്റ് എഴുതിയ ആളാണ്‌.
ഭരത മുനി ചിട്ടപ്പെടുത്തിയ നാട്യത്തെ തിരുത്തി അതിൽ അള്ളാഹുവിന്റെ മഹത്വത്തെ ചൊല്ലുന്ന സൂഫി സംഗീതത്തെ കൂട്ടി ചേർത്ത് മതേതരത്വം വിളമ്പിയ ആളാണ്‌. നൃത്ത വേദിയിൽ പോലും ചെങ്കൊടി പിടിക്കുന്ന ആളാണ്‌.

ക്ഷേത്രമെന്നത് ഒരു വിശ്വാസ ചൂഷണ കേന്ദ്രം മാത്രമാണെന്ന് ആണയിടുന്ന ആളാണ്‌. അവർ ഒരു ക്ഷേത്രത്തിൽ പോയാലും അവിടുത്തെ മൂർത്തിയെ തൊഴാറില്ല. വേദിയിൽ നൃത്തം അവതരിപ്പിച്ച് അതിന് നിശ്ചയിച്ച പണവും വാങ്ങി മടങ്ങാറേ ഉള്ളൂ. അതായത് മൻസിയ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ആചാരങ്ങൾ ലംഘിച്ച് തന്നെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെടുന്നത് വിശ്വാസം കൊണ്ടല്ല. തന്റെ തൊഴിൽ ചെയ്തു കാശുണ്ടാക്കാൻ മാത്രമാണ്. അതെങ്ങനെയാണ് ഒരു അവകാശം ആവുന്നത്?

വിശ്വാസികളെ മതം നോക്കാതെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്ന നിങ്ങളുടെ മുൻ വാദത്തോട് വിയോജിപ്പുണ്ടെങ്കിലും അതിൽ അല്പം ന്യായം ഉണ്ടായിരുന്നു. എന്നാലിപ്പോൾ അവിശ്വസി ആണെങ്കിലും കലാപരമായ മികവുണ്ടെങ്കിൽ ക്ഷേത്രത്തിൽ കയറ്റണം എന്ന വാദത്തിലേക്ക് നിങ്ങൾ എത്തുമ്പോൾ അത് തീർത്തും അന്യായം മാത്രമാണ്. ഹിന്ദു ക്ഷേത്രം ആർക്കും കേറി ഡാൻസ് കളിക്കാവുന്ന പൊതു സ്ഥലമല്ല.
കൂടൽമാണിക്യം ക്ഷേത്രം പുത്തരിക്കണ്ടം മൈതാനവുമല്ല.

ഹിന്ദു ക്ഷേത്രങ്ങളിലെ അഹിന്ദു വിലക്കിന് പശ്ചാത്തലമായി ഹൈദറിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങളിൽ തുടങ്ങി മാപ്പിള ലഹള വരെ നീണ്ടു നിൽക്കുന്ന അനവധി ചരിത്ര സംഭവങ്ങളുടെ സാധൂകരണം ഉണ്ട്. നൂറ് കണക്കിന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന്റെയും തകർക്കപ്പെട്ടതിന്റെയും അനുഭവം പിറകിലുണ്ട്.

ക്ഷേത്രത്തിനുള്ളിൽ വെച്ച് തന്നെ പശുക്കളെ കശാപ്പ് ചെയ്തു അവയുടെ കുടൽമാലകൾ മൂർത്തീ വിഗ്രഹത്തിൽ ചാർത്തി അമ്പലങ്ങൾ അശുദ്ധമാക്കിയ ഓർമകളുണ്ട്. മൂർത്തിയെ തുപ്പിയും മതിൽ കെട്ടിനുള്ളിൽ മല മൂത്ര വിസ്സർജ്ജനം നടത്തിയും ക്ഷേത്ര വിശുദ്ധി നഷ്ടപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ കയ്പ്പുണ്ട്. പ്രദക്ഷിണം നടത്തുന്ന ഭക്തന്റെ കാല് തന്നെ ബലിക്കല്ലിൽ തട്ടി ചോര പൊടിഞാൽ പോലും നടയടച്ചു ശുദ്ധിയും പുണ്യാഹവും നടത്തേണ്ട താന്ത്രിക പീഠങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ.
ശുദ്ധിയും നിഷ്ഠയും യമ നിയമങ്ങളും അവയുടെ പദ്ധതിയിൽ അത്രമേൽ പ്രധാനമാണ്.

അവിശ്വസി ആയൊരാൾ അകത്തു കയറി മൂർത്തിയെ പരിഹസിക്കാൻ ചെയ്തേക്കാവുന്ന വികൃതികൾ വരുത്തി വയ്ക്കുന്ന വിനയുടെ ബാക്കിയായ ചൈതന്യ ലോഭം അവയ്ക്ക് താങ്ങാനാവില്ല. അവിശ്വാസികളോടുള്ള ക്ഷേത്രങ്ങളുടെ ഈ അവിശ്വാസത്തിന് ചരിത്രത്തിന്റെ ന്യായീകരണമുണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ഓരോ ക്ഷേത്രത്തിനും അഹിന്ദുക്കളുടെ ആക്രമണത്തിന്റെ ചരിത്രം ഉണ്ടെന്നത് ഓർക്കണം.

ഏറ്റവും കടുത്ത ആക്രമണങ്ങൾ നേരിട്ട ഇടങ്ങളിലാണ് ഇത്തരത്തിൽ ഏറ്റവും കഠിനമായ നിയമങ്ങളുമുള്ളത്. ഗുരുവായൂരിന്റെ കാര്യം തന്നെ എടുക്കാം. 1783ൽ ടിപ്പുവിന്റെ ആക്രമണ കാലത്ത് ക്ഷേത്രം ആക്രമിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ രാത്രിക്ക് രാത്രി ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ ഇളക്കിയെടുത്ത് ഇന്നത്തെ ആലപ്പുഴ ആയ അന്നത്തെ ചെമ്പകശ്ശേരിയിലേക്ക് ഒളിച്ചു കടത്തേണ്ടി വന്നിട്ടുണ്ട്. ചെമ്പകശ്ശേരി രാജാവ് കല്പിച്ചനുവദിച്ചത് പ്രകാരം വിഗ്രഹം അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുതുതായി പണിത തെക്കേ മണ്ഡപത്തിൽ താത്കാലികമായി പ്രതിഷ്ഠിച്ചു ആരാധന തുടർന്നു. 1800ൽ ടിപ്പു കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് ഗുരുവായൂരപ്പനെ ഗുരുവായൂരിലേക്ക് മടക്കി കൊണ്ട് വന്ന് ഗുരുവായൂരമ്പലത്തിൽ പുനഃ പ്രതിഷ്ഠിച്ചത്.

അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇപ്പോളും ഗുരുവായൂരപ്പനെ അന്ന് ആരാധിച്ച സ്ഥാനത്ത് സങ്കല്പവും പൂജയുമുണ്ട്.
17 കൊല്ലമാണ് സാക്ഷാൽ ഗുരുവായൂരപ്പന് തന്നെ ഹിന്ദു വിരുദ്ധരുടെ ആക്രമണം ഭയന്ന് ആലപ്പുഴയിൽ അഭയാർത്ഥി ആയി കഴിയേണ്ടി വന്നത്. ആ ഗുരുവായൂരപ്പനോട് നിങ്ങൾ ‘എന്തിനാണ് നിങ്ങൾ മനുഷ്യരെ മതപരമായി വേർതിരിച്ചു കാണുന്നത്, നമ്മളൊക്കെ ഒന്നല്ലേ’ എന്ന് മതേതരത്വം കൊഞ്ചിയാൽ ആ തിരുവിരലിൽ സുദർശനം തെളിയും.

കാശ്മീരി പണ്ഡിറ്റുകളോട് ‘എന്തിനാണ് ഈ ഇസ്ലാമോഫോബിയ, കാശ്മീരി മുസ്ലിം സഹോദരങ്ങളെ വിശ്വസിച്ച് താഴ്‌വരയിലേക്ക് മടങ്ങി പൊയ്ക്കൂടേ’ എന്ന് ചോദിക്കുന്നത് പോലുള്ള അശ്ലീലം ആണത്. ഓരോ അവിശ്വാസത്തിന് പുറകിലും വലിയ വിശ്വാസ വഞ്ചനകളുടെ ഇരുണ്ട ചരിത്രമുണ്ട്.

കൂടൽ മാണിക്യം ക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കവും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്. ഗുരുവായൂരിന് പുറമേ കേരളത്തിൽ ഒരൊറ്റ ക്ഷേത്രത്തിനായി ഒരു ദേവസ്വം ബോർഡ്‌ തന്നെയുള്ളത് കൂടൽമാണിക്യത്തിന് മാത്രമാണ്. ദേവ സംഗമം എന്നാണ് അവിടുത്തെ ഉത്സവത്തെ വിളിക്കുന്നത്. എല്ലാ ദേവതകളും കൂടൽമാണിക്യത്തെ ഉത്സവത്തിന് ഇരിഞ്ഞാലക്കുടയിൽ വരുമെന്നാണ് സങ്കൽപം. നൂറാനകളായിരുന്നു അവിടുത്തെ പൂരത്തിന്. ഇപ്പോൾ 17 ആണെന്ന് തോന്നുന്നു. അതിൽ പത്ത് ആനക്ക് സ്വർണ്ണ നെറ്റിപ്പട്ടവും ഏഴ് ആനക്ക് വെള്ളി നെറ്റിപ്പട്ടവും ആണ് അണിയിക്കുന്നത്. ഇതൊന്നും കേരളത്തിൽ വേറൊരു അമ്പലത്തിലും ഉള്ള ആചാര പദ്ധതിയല്ല. ഉപദേവതകൾ ഇല്ലാത്ത ഏക മൂർത്തീ ക്ഷേത്രം. മതിൽക്കെട്ടിനകത്ത് കൂത്തമ്പലമുള്ള ക്ഷേത്രം.

ശ്രീരാമ സഹോദരനായ ഭരതൻ ശിവ ഭാവത്തിലുള്ള സാക്ഷാൽ സംഗമേശ്വരനായി വിളങ്ങുന്ന ക്ഷേത്രം. ഇങ്ങനെ അനവധി പ്രത്യേകതകൾ കൂടൽ മാണിക്യത്തിനുണ്ട്. ശബരിമലയെ ബുദ്ധ വിഹാരമാക്കാനും അയ്യപ്പനെ അവലോകിതേശ്വര ബുദ്ധൻ ആക്കാനും നടന്നവർ തന്നെ സംഗമേശ്വരനെ ജൈനൻ ആക്കാനും ക്ഷേത്രത്തെ ജൈന കേന്ദ്രമാക്കാനും കൊണ്ട് പിടിച്ച് നടത്തിയ ശ്രമങ്ങൾ കൂടൽ മാണിക്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

അതിനോടൊക്കെയുള്ള നൂറ്റാണ്ടുകളായി തുടരുന്ന പ്രതിരോധത്തിന്റെ തുടർച്ച തന്നെയാണ് കൂടൽ മാണിക്യത്തെ അഹിന്ദു നിരോധനവും. ഇത്‌ ഹിന്ദു ക്ഷേത്രമാണെന്നും ഈ മൂർത്തി ഹിന്ദുവിന്റെ മാത്രം ആണെന്നുമുള്ള കൂടൽമാണിക്യത്തിന്റെ പ്രഖ്യാപനം ആണത്. മതത്തിന്റെ പേരിൽ നിരന്തരമായി ആക്രമിക്കപ്പെടുന്നവർക്ക് മതേതരത്വം പറയാനുള്ള ലക്ഷ്വറിയില്ലല്ലോ!

അത് കൊണ്ട് തന്നെ ഒരാചാരമായി തന്നെ കൂടൽ മാണിക്യത്തിൽ അഹിന്ദുക്കളെ കയറ്റാറില്ല തന്നെ. അത് ഭക്തരായാലും കലാകാരന്മാർ ആയാലും. അതെത്രയോ കാലമായി തുടർന്ന് പോരുന്ന സമ്പ്രദായമാണ്. ഇത്തവണ തുടങ്ങിയൊരു പുതുമയല്ല. ഇക്കൊല്ലം പോലും 2022 ഫെബ്രുവരി 15ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച പത്ര കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട് ഹൈന്ദവരായ കലാകാരന്മാർ മാത്രമേ ഉത്സവത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ അപേക്ഷിക്കേണ്ടതുള്ളൂ എന്ന്.

എന്നിട്ടും മൻസിയ അപേക്ഷിക്കുകയും അപേക്ഷയിൽ മൻസിയ ശ്യാം എന്ന് പേര് വെയ്ക്കുകയും ചെയ്തപ്പോൾ ആളറിയാതെ ഹിന്ദു ആണെന്ന് കരുതി ക്ഷേത്രം അതനുവദിച്ച് പരിപാടിക്ക് ഇടം കൊടുത്തു. പിന്നീട് കച്ചീട്ട് വാങ്ങിയുള്ള സൂക്ഷ്മ പരിശോധനയിൽ അവർ ഹിന്ദു അല്ലെന്ന് മനസ്സിലായപ്പോൾ നിശ്ചയിച്ച പരിപാടി റദ്ദാക്കുകയും ചെയ്തു. അതിലെന്താണ് തെറ്റ് എന്നെനിക്ക് മനസ്സിലാവുന്നില്ല.

കലയിൽ വരെ മതം നോക്കുന്നു എന്നൊക്കെയാണ് ചിലർ പറയുന്നത്. കലയിലല്ലല്ലോ, കലാ പരിപാടി നടക്കുന്ന വേദിയിൽ അല്ലേ മതം നോക്കുന്നത്. ഇത്‌ തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടത്തുന്ന നൃത്ത പരിപാടി അല്ല. ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നൃത്ത പരിപാടി ആണ്. ഒരു മതത്തിന്റെ കേന്ദ്രം തന്നെയായ ക്ഷേത്രത്തിൽ മതപരമായ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഉത്സവത്തിൽ പങ്കെടുന്നവരുടെ മതം നോക്കുന്നതിൽ എന്താണ് തെറ്റ്? മതം ബാധകമല്ലാതിരിക്കാൻ ഇത്‌ ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി നടത്തുന്ന മതേതര നൃത്ത സന്ധ്യ ഒന്നുമല്ലല്ലോ!

ഹിന്ദു എക്സ്ക്ലൂവിസം എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു തടയണ ആണെന്ന് നമ്മൾ മനസിലാക്കണം. പാലും പാൽപ്പൊടിയും ഗോതമ്പും പുസ്തകവും കണ്ട് മതം മാറുന്ന ഹിന്ദുവിനെ അവന്റെ ധർമ്മത്തിലേക്ക് തിരിച്ചു വലിക്കുന്ന വിശ്വാസ കാന്തങ്ങളാണ് ക്ഷേത്രങ്ങൾ. അത് കൊണ്ടാണ് ആന്ധ്രയിലും തെലെങ്കാനയിലും തമിഴ്നാട്ടിലും കർണാടകത്തിലും മിഷണറികളാൽ മതം മാറ്റപ്പെടുന്ന ഹിന്ദു പോലും മണ്ഡല കാലമായാൽ കറുപ്പുടുത്ത് മാലയിട്ട് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു ശബരിമലയിലേക്ക് വരുന്നത്. അവരെ അവരുടെ ധർമ്മത്തിൽ തന്നെ പിടിച്ചു നിർത്തുകയും വലിച്ചടുപ്പിക്കുകയും ചെയുന്ന പ്രതിരോധ ദുർഗ്ഗങ്ങളാണ് ഓരോ ക്ഷേത്രവും.

ക്ഷേത്രങ്ങൾ ആർക്കും കയറി ചെല്ലാവുന്ന വിസിറ്റിങ് പ്ലേസുകൾ ആക്കുക എന്നാൽ അതിനർത്ഥം ഹിന്ദുവായിരിക്കുന്നതിലെ അവശേഷിക്കുന്ന ഏക എക്സ്‌ക്ലൂസീവ് റൈറ്റും ഇല്ലാതാക്കുക എന്നാണ്. മതം മാറിയാലും നിങ്ങൾക്ക് ഗുരുവായൂരപ്പനെയും സംഗമേശ്വരനെയും തടസ്സമില്ലാതെ തൊഴാം എന്നുറപ്പ് കൊടുക്കുന്നതിന് അർത്ഥം മതം മാറ്റത്തെ നിങ്ങൾ ഇൻസെന്റിവൈസ് ചെയ്യുന്നു എന്നാണ്.

മൻസിയ വിശ്വാസി ആയിരുന്നെങ്കിൽ പോലും നിങ്ങളീ പറയുന്നതിൽ ഞാൻ ന്യായം കണ്ടേനെ. പക്ഷെ അവർ അവിശ്വാസിയും മത വിരോധിയും ക്ഷേത്ര നിഷേധകയും ആണെന്നിരിക്കെ അവരെ ക്ഷേത്രത്തിൽ നിന്ന് വിലക്കിയ സംഭവത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. ഇവിടെ ക്ഷേത്ര ഭരണ സമിതി സ്വീകരിച്ച നിലപാട് നൂറ് ശതമാനം ശരിയാണ്. ക്ഷേത്ര മതിലകം മുഴുവനും ദേവന്റെ ശരീരമാണ് എന്ന് അംഗീകരിച്ച് 1991ൽ കേരളാ ഹൈക്കോടതി ഒരു വിധി പറഞ്ഞിട്ടുണ്ട്.

അഹിന്ദുവിന് ദേവനെ സ്പർശിക്കാൻ അധികാരമില്ലെന്ന് ആചാരമുള്ളിടത്ത് അതുയർത്തി പിടിക്കുന്ന ദേവസ്വം ബോർഡുകളെ നമ്മൾ പിന്തുണക്കക്കുക ആണ് വേണ്ടത്. ആചാരബദ്ദമായി ദേവസ്വം ബോർഡുകൾ സ്വീകരിക്കുന്ന വിശ്വാസപക്ഷമുള്ള ശരിയായ നടപടികളെ പോലും ഇന്ന് നമ്മൾ എതിർക്കുമ്പോൾ നാളെ തെറ്റായ നടപടികൾ എടുക്കാൻ നമ്മളവരെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്. നിങ്ങൾ ഇന്നീ ശരിയെ എതിർത്താൽ അത് പഴുതാക്കി ദേവസ്വം ബോർഡുകൾ നാളെ ആയിരം തെറ്റുകൾ ചെയ്യും. എന്നിട്ടതിന് ഭൂരിഭാഗം ഹിന്ദു സമൂഹത്തിന്റെയും പിന്തുണ ഉണ്ടെന്ന് ന്യായം പറയും.

മൻസിയ കൂടൽ മാണിക്യത്തിൽ കയറി ഭരതനെ നിന്ദിച്ചു രാവണ പക്ഷ രാമായണം ആടും. മദനി ഗുരുവായൂരപ്പന്റെ നേരെ മുൻപിൽ ചെന്ന് നിന്ന് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ വേറെ ദൈവമില്ല, നീ വെറും കല്ല്) എന്ന് പറയും. സക്കീർ നായിക് ശ്രീ പദ്മനാഭനെ കാർക്കിച്ചു തുപ്പും. നിങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കും.
ഞങ്ങളിത് അനുവദിക്കില്ല.

അവിശ്വസിക്കും ക്ഷേത്രത്തിൽ കയറാം എന്ന നിങ്ങളുടെ ഈ വാദത്തെ ഏതറ്റം വരെ പോയാലും ഞങ്ങൾ സ്വഭിമാനികളായ വിശ്വാസ സമൂഹം അനുവദിക്കില്ല. മൻസിയ വിശ്വാസി ആണെന്നോ, ക്ഷേത്ര പദ്ധതിയേയും മൂർത്തീ സങ്കല്പത്തെയും മാനിക്കുന്ന ആളാണെന്നോ സത്യവാങ്മൂലം കൊടുത്തു കയറിക്കോട്ടെ കൂടൽ മാണിക്യത്തിന്റെ മതിൽക്കെട്ടിനകത്ത്. എന്നാൽ എനിക്ക് സംഗമേശ്വരനെ പുല്ല് വിലയാണെന്ന നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് അമ്പലത്തിൽ കേറാൻ ഒരാവകാശവും അവർക്കില്ല.
രാഷ്‌ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിംഗിനെ വരെ തലപ്പാവൂരാൻ വിസമ്മതിച്ചത് കൊണ്ട് വിലക്കിയ പാരമ്പര്യമുണ്ട് കേരളത്തിലെ ക്ഷേത്രങ്ങൾക്ക്.

ഞങ്ങൾക്ക് ക്ഷേത്ര മൂർത്തിയേക്കാൾ വലിയ മഹാത്മാക്കൾ ഒന്നുമില്ല. ആചാരമുണ്ടെങ്കിൽ അത് പാലിക്കപ്പെടണം. അതാണ്‌ നിലപാട്. അത് കൊണ്ട് ഈ വിഷയത്തിൽ ക്ഷേത്രാചാരം ഉയർത്തി പിടിച്ച ദേവസ്വം ബോർഡിനും ക്ഷേത്ര ഭരണ സമിതിക്കും ഒപ്പമാണ്.

മൻസിയയേ മുന്നിൽ നിർത്തി ഇടതുപക്ഷം നടത്തുന്ന ക്ഷേത്ര വിരുദ്ധ നവോത്ഥാന ക്യാമ്പയിന് ഒപ്പമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button