WayanadLatest NewsKeralaNattuvarthaNews

കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപം സ്‌പോണ്‍സര്‍ ചെയ്യുന്നു: എസ്.ഡി.പി.ഐ

മാനന്തവാടി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെങ്ങും എതിർ സ്വരമാണുയരുന്നത്. കെ റെയില്‍ സമരം ശക്തമാകുമ്പോഴും സമരക്കാരെ പുച്ഛിച്ച് തള്ളുന്ന പ്രസ്താവനകളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി രംഗത്ത്. കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനകൾ ഇതിനുദാഹരണമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കെ റെയിലിനെതിരെ സമരം ചെയ്യുന്നവർക്ക് തീവ്രവാദ പരിശീലനം നല്കപ്പെടുന്നുണ്ടെന്ന മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ആവര്‍ത്തിച്ചുള്ള പ്രസ്താവന വിരൽ ചൂണ്ടുന്നത്, ഇത്തരം കലാപ ശ്രമങ്ങളിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു. മാനന്തവാടി വെള്ളമുണ്ടയില്‍, പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം പ്രതിസന്ധിയിലാവുമ്പോള്‍ പൗരന്മാരെ വേട്ടയാടി വ്യാജ ആക്രമണങ്ങളും അറസ്റ്റുകളും നടത്തി ജനശ്രദ്ധ തിരിച്ചുവിടാനും ജനകീയ സമരങ്ങളെ പരാജയപ്പെടുത്താനും ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അഷ്‌റഫ് മൗലവി പറയുന്നു.

Also Read:വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് സർക്കാർ വാങ്ങിയത് കോടികൾ: കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

‘വാളയാര്‍ കേസ് സജീവ ചര്‍ച്ചയായിരുന്നപ്പോഴാണ് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. പിന്നീട്, ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ ഭരണകക്ഷിയിലുള്ളവര്‍ വരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍, അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മാവോബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഇടത് സർക്കാർ. സ്വര്‍ണ കള്ളക്കടത്ത് സജീവ ചര്‍ച്ചയായപ്പോഴും വയനാട്ടില്‍ ഏറ്റുമുട്ടല്‍ കൊല അരങ്ങേറിയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും ഭരണപ്രതിസന്ധി മറികടക്കാന്‍ സ്‌ഫോടനങ്ങളുള്‍പ്പെടെ നടത്തിയ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. കേരളത്തിന്റെ ദുരന്തമായി മാറുന്ന കെ റെയിലിനെതിരേ സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി കക്ഷി രാഷ്ട്രീയ, മത-സാമുദായിക വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഇടതുസര്‍ക്കാരിന് പൊറുതിമുട്ടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്നവര്‍ക്കുമേല്‍ അര്‍ബന്‍ നക്‌സലിസത്തിന്റെയും തീവ്രവാദത്തിന്റെയും തീവ്രവാദ ചാപ്പകള്‍ കുത്തുന്നത് അപകടകരമാണ്. ഇത്തരം സമീപനങ്ങള്‍ ജനവിരുദ്ധ സര്‍ക്കാരുകളുടെ മുഖമുദ്രയാണ്’, അഷ്‌റഫ് മൗലവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button