KeralaLatest NewsNewsIndia

രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ? ചുരുങ്ങിയ പ്രായം എത്ര? – അറിയാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവ് വന്നിരിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധേയമാകുമ്പോൾ പലർക്കുമുള്ള ഒരു സംശയമാണ്, എങ്ങനെയാണ് രാജ്യസഭയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നത്. അതിന്, ആദ്യം രാജ്യസഭ എന്താണെന്ന് അറിഞ്ഞിരിക്കണം. രാജ്യസഭ എന്നാൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സഭ എന്നാണർത്ഥം. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 238 പേരും, രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരുമുണ്ടാകും. സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ മികച്ച സംഭാവന നടത്തിയ 12 പേരെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്യുക.

6 വർഷമാണ് അംഗങ്ങളുടെ കാലാവധി. രാജ്യ സഭ ഒരു സ്ഥിരം സഭയാണ്. ഒരിക്കലും പിരിച്ചുവിടുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോഴും സഭയിലെ അംഗങ്ങളുടെ ആറ് വർഷത്തെ കാലാവധി പൂർത്തിയാകും. ഇങ്ങനെ പൂർത്തിയാകുന്നവർ പിരിഞ്ഞുപോവുകയും, പകരം അംഗങ്ങൾ പുതുതായി വരികയും ചെയ്യും. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌.

രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ?

ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് തിരഞ്ഞടുപ്പ് തന്നെയാണ്. ലോക്സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്, പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിട്ടാണ്. എന്നാൽ, രാജ്യസഭയിൽ അങ്ങനെയല്ല. രാജ്യസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്യാനാകില്ല. അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് കഴിയില്ല എന്ന് സാരം. ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. അവരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക.

ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്ത് നിന്നുമുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കൂടുതൽ പ്രതിനിധികളുണ്ടാകും. കേരളത്തിന്റെ ജനസംഖ്യ അനുസരിച്ച്, 9 അംഗങ്ങളാണ് രാജ്യസഭയിൽ ഉണ്ടാവുക. കേരളത്തിലെ എം.എൽ.എമാർ ചേർന്ന് ആണ് ഇവരെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 30 വയസ്സാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button